കോരപ്പുഴയിലെ മാലിന്യം ഒഴുക്കിക്കളഞ്ഞു; ആശങ്കയൊഴിഞ്ഞ് നാട്ടുകാർ

കോഴിക്കോട് കാപ്പാട് മുനമ്പത്തെ നൂറിലധികം കുടുംബങ്ങളുടെ പകര്‍ച്ചവ്യാധി ഭീഷണിക്ക് പരിഹാരം. കോരപ്പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തില്‍ തടയണയില്‍ കെട്ടിക്കിടന്ന മാലിന്യം പൂര്‍ണമായും ഒഴുക്കിക്കളഞ്ഞു. മാസങ്ങളായി നിലനിന്ന പ്രതിസന്ധി മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് കലക്ടറുടെ ഇടപെടലിലൂടെ പരിഹരിച്ചത്.  

മൂന്ന് ദിവസം മുന്‍പ് വരെ ഇവര്‍ക്ക് മൂക്ക് പൊത്താതെ ബണ്ട് കടക്കുക പ്രതിസന്ധിയായിരുന്നു. മാലിന്യമടിഞ്ഞ് കാപ്പാടന്‍ കൈപ്പുഴ മാലിന്യത്തൊട്ടിയായി. ചെളിയടിഞ്ഞ് വെള്ളത്തിന് കറുപ്പ് നിറമായി. കൊതുക് ശല്യവും ദുര്‍ഗന്ധവും കുട്ടികളെയുള്‍പ്പെടെ അസ്വസ്ഥരാക്കി. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് കലക്ടര്‍ അടിയന്തര പരിഹാരത്തിന് നിര്‍ദേശം നല്‍കി. തടയണ പൊളിച്ച് കോരപ്പുഴയുടെ ഒഴുക്ക് കാപ്പാടന്‍ കൈപ്പുഴയിലേക്കെത്തിച്ചതോടെ നാട്ടുകാരുടെ ആശങ്കയ്ക്കും താല്‍ക്കാലിക പരിഹാരം. 

തടയണ പൊളിച്ചാല്‍ ഉപ്പുവെള്ളം കയറി മറുഭാഗത്തുള്ളവരുടെ കുടിവെള്ളം മുട്ടുമെന്ന വാദമുയര്‍ന്നു. കാപ്പാടന്‍ കൈപ്പുഴയുടെ ഒരുഭാഗം അടച്ച് ജലമൊഴുക്ക് നിയന്ത്രിച്ചതിനാല്‍ താല്‍ക്കാലിക പരിഹാരമായി. തടയണ പൊളിച്ച് വെള്ളമൊഴുക്ക് പൂര്‍വസ്ഥിതിയിലാക്കാന്‍ പ‍ഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികളും നാട്ടുകാരും കൈകോര്‍ത്തു.