കോഴിക്കോട് മെഡിക്കൽ കോളെജിൽ കോവിഡ് പരിശോധന തുടങ്ങി; ആദ്യദിനം ആറുടെസ്റ്റുകൾ

കോവിഡ് 19 ടെസ്റ്റ് നടത്താന്‍ അനുമതി ലഭിച്ച ആദ്യദിനംതന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്നത് ആറ് ടെസ്റ്റുകള്‍. മലബാര്‍ മേഖലയില്‍നിന്ന് രോഗം സംശയിക്കുന്നവരുടെ ടെസ്റ്റുകളാണ് കോഴിക്കോട് നടത്തുന്നത്. ഇതോടെ രോഗനിര്‍ണയ നടപടികള്‍ വേഗത്തിലായി. 

രോഗനിര്‍ണയം നടത്താന്‍ ആയിരം കിറ്റുകളാണ് പുണെയില്‍നിന്ന് എത്തിച്ചിരിക്കുന്നത്. ഒരുദിവസം ഇരുപത് പേരുടെ ടെസ്റ്റുകള്‍ നടത്താം. ആറുമണിക്കൂറിനുള്ളില്‍ ഫലവും ലഭിക്കും.

നേരത്തെ ആലപ്പുഴയിലും തുടര്‍ന്ന് പുണെയിലുമാണ് പരിശോധനകള്‍ നടത്തിയിരുന്നത്. ഈ കാലതാമസം ഇനി ഒഴിവാകും. കോഴിക്കോടിനും ആലപ്പുഴയ്ക്കും പുറമെ തിരുവനന്തപുരത്തും കോവിഡ് 19 ടെസ്റ്റ് നടത്താനുള്ള സൗകര്യമുണ്ട്.