റീബൂട്ട് ഹാക്കത്തോണിന് കാസർകോട് തുടക്കം; കുറഞ്ഞ സമയത്തിനുള്ളിൽ പരിഹാരം

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള റീബൂട്ട് ഹാക്കത്തോണിന് കാസര്‍കോട് പെരിയയില്‍ തുടക്കമായി. റവന്യു, ദുരന്തനിവാരണ വകുപ്പുകളില്‍ നിന്നു നിര്‍ദേശിക്കപ്പെടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് കുറഞ്ഞസമയത്തിനുളളില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. 

 തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയഞ്ച് ടീമുകളില്‍ നിന്നായി നൂറ്റിയമ്പത്തോളം വിദ്യാര്‍ഥികളാണ് റീബൂട്ട് ഹാക്കത്തോണില്‍ പങ്കെടുക്കുന്നത്.  റവന്യു, സര്‍വേ, ദുരന്തനിവാരണം എന്നീ വിഷയങ്ങളിലൂന്നി നടക്കുന്ന ഹാക്കത്തോണ്‍ ആശയപോരാട്ടത്തിന്റെ വേദിയായി മാറി. പ്രളയമടക്കമുളള ദുരന്തമുഖങ്ങളെ അതിജീവിക്കുന്നതിനും, കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നതിനുളള സംവിധാനം ഒരുക്കുക , റവന്യുസര്‍വേയടക്കമുളളവ മൊബൈല്‍ ആപ് വഴി നടത്താനുളള സാങ്കേതികവിദ്യ രൂപകല്‍പന ചെയ്യുക തുടങ്ങിയവയാണ് ഹാക്കത്തോണില്‍ പങ്കെടുക്കുന്ന ടീമുകളുടെ കര്‍ത്തവ്യം.  ഇക്കാര്യങ്ങള്‍ കുറഞ്ഞ സമയത്തിനുളളില്‍ പ്രായോഗിക തലത്തില്‍ എത്തിക്കുന്ന ടീമുകള്‍ വിജയികളാകും.

രണ്ടുഘട്ടങ്ങളിലായി 36മണിക്കൂറാണ് ഹാക്കത്തോണിന്റെ ദൈര്‍ഘ്യം. ഹാക്കത്തോണില്‍ പങ്കെടുക്കുന്ന ഇരുപത്തിയഞ്ച് ടീമുകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന മൂന്ന് ടീമുകള്‍ വിജയികളാകും.