കളിയാട്ടക്കാലങ്ങള്‍ ഫ്രെയിമിലാക്കി; അപൂര്‍വ ഫോട്ടോശേഖരം

തെയ്യക്കോലങ്ങളുടെ അപൂര്‍വ ഫോട്ടോശേഖരവുമായി ഒരു യുവാവ്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ലിജിനാണ് വടക്കേമലബാറിലെ തെയ്യക്കോലങ്ങളുടെ ചിത്രശേഖരം ഒരുക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വടക്കിന്റെ മണ്ണിലെ കളിയാട്ടക്കാലങ്ങള്‍ ഈ യുവാവ് ഫ്രെയിമിലാക്കിയത്.   

  

കാസര്‍കോട് തിമിരിയിലെ വയലില്‍ വിത്തുവിതച്ച് ഉത്തരമലബാറില്‍ തെയ്യക്കാലത്തിന് തുടക്കമിടുന്ന വലിയവളപ്പില്‍ ചാമുണ്ഡി മുതല്‍ കളിയാട്ടകാലത്തിന് സമാപനം കുറിക്കുന്ന വളപട്ടണം കളരിവാതുക്കല്‍ ഭഗവതി വരെയുള്ള തെയ്യക്കോലങ്ങള്‍ ലിജിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിനിടെ തോണിയിലെറി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞെത്തുന്ന അരയിയിലെ കാര്‍ത്തിക ചാമുണ്ഡിയും, പുതിയേടത്ത് ക്ഷേത്രത്തിലെ മഞ്ജുനാഥനുമെല്ലാം ഈ യുവാവ് പകര്‍ത്തി. മൂന്നുവര്‍ഷം നീണ്ട അധ്വനത്തിന്റെ ഫലമാണ് ഇരുന്നൂറ് ചിത്രങ്ങള്‍.

ഓരോ തെയ്യക്കോലത്തെക്കുറിച്ചും വ്യക്തമായി പഠിച്ച ശേഷമാണ് ലിജിന്‍ ക്യാമറയുമായി കളിയാട്ടക്കാവുകളിലെത്തുക. അതുകൊണ്ടു തന്നെ ഓരോ ദേവതസങ്കല്‍പങ്ങളുടേയും ഏറ്റവും മനോഹരമായ ദൃശ്യങ്ങള്‍ ലിജിന്റെ ശേഖരത്തിലുണ്ട്. ഈ ചിത്രങ്ങള്‍ തേടി ആവശ്യക്കാര്‍ എത്താറുണ്ടെങ്കിലും ഇവ പണത്തിനുവേണ്ടി വില്‍ക്കാന്‍ ലിജിന്‍ തയ്യാറല്ല.

ഓണപ്പൊട്ടനുള്‍പ്പടെ ഉത്തരകേരളത്തിലെ സാംസ്ക്കാരികത്തനിമ വിളിച്ചോതുന്ന കാഴ്ചകള്‍ നിരവധിയുണ്ട് ലിജിന്റെ ചിത്രശേഖരത്തില്‍.