മലപ്പുറം തിരുന്നാവായയിലെ നിളാതീരത്ത് സംഘടിപ്പിച്ച മാമാങ്ക മഹോല്‍സവത്തിന് സമാപനം. മാമാങ്ക സ്മാരകങ്ങളും പൈതൃകവും കാത്തുസൂക്ഷിക്കുന്ന റീ–എക്കോ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍. മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടി കളരിപ്പയറ്റിന്റെ ഗാംഭീര്യത്തോടുകൂടിയാണ് സമാപിച്ചത്.
ഈ ദൃശ്യവിസ്മയത്തിനാണ് തിരുന്നാവായയില്‍ മാമാങ്ക മഹോല്‍സവം കാണാന്‍ ഒത്തുകൂടിയ ജനങ്ങള്‍ സാക്ഷിയായത്. മാമാങ്കത്തിന്റെ ഏറ്റവും ശ്രദ്ധേയമായ അഭ്യാസം, കളരിപ്പയറ്റ്. വള്ളുവനാടിനുവേണ്ടി പൊരുതിയ ധീരദേശാഭിമാനികളായ ചാവേറുകള്‍ അഭ്യസിച്ചിരുന്ന പുരാതന കളരി മുറകളാണ് അവതരിപ്പിച്ചത്. മലപ്പുറം ജില്ലയിലെ വിവിധ കളരികളില്‍ നിന്നായി നൂറിലധികം വരുന്ന അഭ്യാസികളാണ് കാണികളെ ത്രസിപ്പിച്ചത്.
പഴമ്പാട്ടുകളിലും പുരാണങ്ങളിലും മാത്രം ഒതുങ്ങി നിന്ന മാമാങ്ക ചരിത്രം പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കാനും , ചരിത്രശേഷിപ്പുകളുടെ സംരക്ഷണത്തിനുമായി എല്ലാ വര്‍ഷവും നിളാതീരത്ത് സംഘടിപ്പിക്കുന്ന പരിപാടിയാണ് മാമാങ്ക മഹോല്‍സവം.