ബസ് ജീവനക്കാർക്കെതിരായ അക്രമം; നടപടി ആവശ്യപ്പെട്ട് മിന്നൽ പണിമുടക്ക്

ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് വടകര നാദാപുരം തൊട്ടില്‍പാലം റൂട്ടില്‍ അനിശ്ചിത കാല ബസ് സമരം തുടങ്ങി. അക്രമികള്‍ക്കെതിരെ പൊലീസ്  നിസ്സംഗത പാലിക്കുകയാണെന്ന് തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തി. 

പൗരത്വവിഷയത്തില്‍ ഡിസംബര്‍ 17ന് നടന്ന ഹര്‍ത്താലിന് നാദാപുരം തൊട്ടില്‍പാലം റൂട്ടില്‍ 3 ബസ്സുകള്‍ തകര്‍ത്തിരുന്നു.നാദാപുരത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ബസ്സും  വട്ടോളിയിലെ രണ്ട് ബസ്സുകളുമാണ് തകര്‍ത്തത്.അക്രമത്തില്‍ ഒരു ബസ് ജീവനക്കാരന് പരിക്കേല്‍ക്കുകയും ചെയ്തു.സംഭവത്തില്‍ കേസെടുത്തുെവങ്കിലും അക്രമികളെ പിടികൂടിയിട്ടില്ല.

വടകര നാദാപുരം തൊട്ടില്‍പാലം റൂട്ടില്‍ 80ലധികം ബസ്സുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.സമരം ജനജീവിത്തതെ ബാധിച്ചു. ഹര്‍ത്താല്‍ ദിവസം സ്കൂള്‍ സമയത്ത് സര്‍വ്വീസ് നടത്തിയ ബസ്സുകളാണ് സമരക്കാര്‍ തകര്‍ത്തത്.സമരക്കാര്‍ ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് ബസ്സിന് സംരക്ഷണം നല്‍കിയില്ലെന്നും ആരോപണമുണ്ട്.