വോള്‍ട്ടേജ് ക്ഷാമത്തില്‍ വലഞ്ഞ് മലയോരമേഖല; പദ്ധതികള്‍ താളംതെറ്റുന്നു

വര്‍ഷങ്ങളായി തുടരുന്ന വോള്‍ട്ടേജ് ക്ഷാമമെന്ന പ്രതിസന്ധിയില്‍ വലഞ്ഞ് കാസര്‍കോട് ജില്ലയിലെ മലയോര മേഖല.  ജില്ലയിലെ പ്രധാന കാര്‍ഷിക മേഖല കൂടിയായ മലയോരത്തിന്റെ നിരവധി വികസന സ്വപ്നങ്ങളാണ് ഇൗ പ്രതിസന്ധിമൂലം നഷ്ടമാകുന്നത്.  

കാസര്‍കോട് ജില്ലയിലെ പ്രധാന കാര്‍ഷികമേഖലയായ മലയോര മേഖല വര്‍ഷങ്ങളായി നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണ്  വോള്‍ട്ടേജ് ക്ഷാമം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുളള രാജപുരം ബളാംതോട് സെക്ഷനു കീഴിലാണ് വോള്‍ട്ടേജ് പ്രശ്നം കൂടുതലായുളളത്.  മലയോര പ്രദേശമായതുകൊണ്ടുത്തന്നെ താമസിക്കുന്നവരില്‍ അധികവും കാര്‍ഷിക കുടുംബങ്ങളുമാണ്.   കേന്ദ്ര സംസ്ഥാന സഹകരണത്തോടെ  നിരവധിപദ്ധതികള്‍  മലയോരത്ത് കൊണ്ടുവരുന്നുണ്ടെങ്കിലും വോള്‍ട്ടേജ് പ്രതിസന്ധിമൂലം പല പദ്ധതികളും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ല. ആരംഭിച്ച ചില പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. അതില്‍ പ്രധാനമായിരുന്നു മാലക്കല്ല്  മേഖലയിലെ വീടുകളിലേക്കും കൃഷിസ്ഥലങ്ങളിേലക്കും  ജലമെത്തിക്കുന്ന കാര്‍ഷിക ജലസേചന  പദ്ധതി.എന്നാല്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപ മുടക്കി 35എച്ച്.പിയുടെ രണ്ട് മോട്ടോറുകള്‍ ഉപയോഗിച്ച് ജലം സേചനം ആരംഭിച്ചെങ്കിലും വൈദ്യൂതി പ്രതിസന്ധി രൂക്ഷമായതോടെ ലക്ഷങ്ങള്‍ മുടക്കി തുടങ്ങിയ ഇൗ പദ്ധതി പൂര്‍ണമായും നിര്‍ത്തിവെയ്ക്കേണ്ടി വന്നു. .