കയ്യടി നേടി ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാമേള

ആസ്വാദകരില്‍ കയ്യടി നിറച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാമേള. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കാസര്‍കോട് ചെര്‍ക്കള മാര്‍ത്തോമ സ്പെഷ്യല്‍ സ്കൂളിലാണ് കുട്ടികളുടെ കലാപ്രകടനങ്ങള്‍ അരങ്ങേറിയത്. 

ശാരീരികവും മാനസികസവുമായുളള ബുദ്ധിമുട്ടുളൊക്ക മാറ്റി നിര്‍ത്തിയാണ് കുട്ടികള്‍ അസാമാന്യപ്രകടനം കാഴ്ചവെച്ചത്. മിമിക്രിയും, നാടോടി നൃത്തവും, ഒപ്പനയുമെല്ലാം കുട്ടികള്‍ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ സദസ്സില്‍ നിന്നുയര്‍ന്നത് നിലയ്ക്കാത്ത കയ്യടികളായിരുന്നു.  ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പും, വനിതാശിശുവികസന വകുപ്പും  സംയുക്തമായാണ് കലോല്‍സവം സംഘടിപ്പിച്ചത്. കാസര്‍കോട് ജില്ലയിലെ പതിനാറോളം  സ്പെഷ്വല്‍ സ്കൂളുകളില്‍ നിന്നായി ആകെ മൂന്നൂറോളം കുട്ടികളാണ് മേളയില്‍ പങ്കെടുത്തത്.

എഴുപത്തിരണ്ടോളം ഇനങ്ങള്‍ മേളയില്‍ അരങ്ങേറി.  ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അടുത്തവര്‍ഷം  ജില്ലാതലത്തില്‍ കുട്ടികളുടെ കായികമേള സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.