അപകടക്കെണിയൊരുക്കി വൈത്തിരി-തരുവണ റോഡ്

വശങ്ങള്‍ ഇടിഞ്ഞു താണ് അപകടക്കെണിയൊരുക്കുന്ന വയനാട് വൈത്തിരി-തരുവണ റോഡ് നന്നാക്കാന്‍ നടപടിയില്ല.പത്താം മൈല്‍ ഭാഗത്താണ് കഴിഞ്ഞ പ്രളയകാലത്ത് റോഡ് തകര്‍ന്നത്. വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി പോകുന്നത് 

പ്രളയകാലത്ത് റോഡിന് താഴെയുള്ള വീടിന് മുകളിലേക്കാണ് മണ്ണ് അടര്‍ന്ന് വീണത്. വീട് ഭാഗികമായും തകര്‍ന്നു. മൂന്നുമാസമായിട്ടും വൈത്തിരി–തരുവണ റോഡിലെ പത്താം മൈലിലെ ഈ ഭാഗം നന്നാക്കാന്‍ നടപടിയില്ല.  കൽപറ്റ-പടിഞ്ഞാറത്തറ റോഡിന്റെ പുനർനിർമാണം നടക്കുന്നതിനാൽ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഈ വഴിയാണ് വാഹനങ്ങള്‍ പ്രധാനമായും പോകുന്നത്. ദിവസം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്നു.

അധികൃതര്‍ നിരവധി തവണ വന്ന് നോക്കിയിട്ടും കാര്യമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു സമയം ഒരുവശത്ത് കൂടി മാത്രമാണ് വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുക. തൊട്ടടുത്ത് വളവുമുണ്ട്. രാത്രികാലത്ത് സമീപത്ത് വെളിച്ചവുമില്ല. വശത്തുള്ള മറ്റ് രണ്ട് വീടുകളും അപകടഭീഷണിയിലാണ്.