പ്രഖ്യാപനങ്ങൾ കടലാസിൽ തന്നെ; സഞ്ചാരിത്തിരക്കിൽ കക്കയം

പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ലെങ്കിലും സഞ്ചാരിത്തിരക്കിലേക്ക് മാറി കോഴിക്കോട് കക്കയം ടൂറിസം കേന്ദ്രം.  കലക്ടര്‍ നേരിട്ടെത്തി പ്രഖ്യാപിച്ച നവീകരണ പദ്ധതികളാണ് ഇപ്പോഴും കടലാസിലൊതുങ്ങുന്നത്. പ്രളയത്തില്‍ തകര്‍ന്ന ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനും നടപടിയില്ല.  

കുട്ടികള്‍ക്കായി മികച്ച കളിസ്ഥലം. വാഹനം നിര്‍ത്തിയിടാനുള്ള സ്ഥലം. ഭക്ഷണശാല. പൂന്തോട്ടം. രണ്ട് പുതിയ സ്പീഡ് ബോട്ടുകള്‍. തുടങ്ങി സകലസൗകര്യങ്ങളും വൈകാതെ കക്കയത്തുണ്ടാകുമെന്ന് കലക്ടര്‍ നേരിട്ടെത്തി പ്രഖ്യാപിച്ചു. അഞ്ച് മാസം കഴിഞ്ഞു. എഴുന്നൂറ്റി അന്‍പതില്‍ നിന്ന് തൊള്ളായിരമായി ബോട്ട് യാത്രാക്കൂലി വര്‍ധിച്ചത് മാത്രമാണ് മാറ്റം. റോഡിന്റെ ശോച്യാവസ്ഥ പോലെ വികസനമുരടിപ്പും കക്കയത്തെ പിന്നോട്ടടിക്കുന്നു. അടിസ്ഥാന സൗകര്യക്കുറവുണ്ടെങ്കിലും പ്രകൃതിഭംഗി മാത്രമാണ് സഞ്ചാരികളുടെ തിരക്ക് കൂട്ടുന്ന ഘടകം.  

രണ്ട് തവണ എലികരണ്ട വാട്ടര്‍ ബോള്‍. ത്രിഡി അനുഭവത്തോടെ കുട്ടികള്‍ക്കായി കൊണ്ടുവന്ന വെര്‍ച്വല്‍ റിയാലിറ്റി ഷോ ഉപകരണം. ഉരക്കുഴിയിലെ തൂക്ക് പാലം. ഇതെല്ലാം പ്രളയത്തില്‍ തകര്‍ന്നു. പിന്നീട് പഴയമട്ടിലാക്കുന്നതിനും കഴിഞ്ഞിട്ടില്ല. സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കാന്‍ വനംവകുപ്പ് നിയോഗിച്ച വനിതാ ഗാര്‍ഡുമാരുള്‍പ്പെടെ വിശ്രമിക്കുന്ന സ്ഥലം കണ്ടാല്‍ മാത്രം മതി കക്കയത്തോടുള്ള അവഗണന തെളിയാന്‍.