പ്രളയത്തിൽ തകർന്ന റോ‍ഡ‍് നവീകരിക്കുന്നില്ല; കക്കയത്തേക്കുള്ള യാത്ര അപകടമുനമ്പിലൂടെ

സഞ്ചാരികളുടെ സുരക്ഷയില്‍ യാതൊരു കരുതലുമില്ലാതെ സര്‍ക്കാര്‍. പ്രളയത്തിന് ശേഷം തകര്‍ന്ന കോഴിക്കോട് കക്കയം ടൂറിസം കേന്ദ്രത്തിലേക്കുള്ള റോ‍ഡ‍് ഇനിയും നവീകരിക്കാനായില്ല. ദിവസേന നിരവധി വാഹനങ്ങളാണ് അപകടമുനമ്പിലൂടെ കക്കയത്തേക്കെത്തുന്നത്. 

2018 ലെ പ്രളയം. ഉരുള്‍പൊട്ടല്‍. പതിവായി മലയിടിച്ചില്‍. കക്കയം പാതയില്‍ പലയിടത്തും റോഡ് തോടായി മാറി. കല്ലുനിറഞ്ഞ പാതയില്‍ നവീകരണം ഉടനെന്ന് കലക്ടര്‍ പ്രഖ്യാപിച്ചതല്ലാതെ ഒന്നുമുണ്ടായില്ല. 2019 ലെ മഴക്കെടുതിയിലും കക്കയം റോഡ് കാര്യമായി തകര്‍ന്നു. ഒരുമാസത്തിലേറെ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയെങ്കിലും യാതൊരു നിര്‍മാണവും നടത്താതെ പാത തുറന്നു. കക്കയത്തെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്ക് റോഡ് കടക്കുക സാഹസികമാണ്. 

വനം, കെ.എസ്.ഇ.ബി, റവന്യൂ വകുപ്പുകള്‍ക്കാണ് കക്കയത്ത് ഭൂമിയുള്ളത്. പൊതുമരാമത്താണ് റോഡ് നവീകരണം ഉറപ്പാക്കേണ്ടത്. മഴയും പ്രതികൂല കാലാവസ്ഥയും പ്രതിസന്ധിയെന്ന് ആവര്‍ത്തിക്കുന്നതല്ലാതെ സഞ്ചാരികളുടെ സുരക്ഷയില്‍ ശ്രദ്ധയില്ല. വനവും, കെ.എസ്.ഇ.ബിയും സഞ്ചാരികളില്‍ നിന്ന് പ്രത്യേകം നിരക്ക് ഈടാക്കുന്ന കക്കയത്ത് നവീകരണ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാന്‍ തയാറല്ലെന്നതാണ് യാഥാര്‍ഥ്യം.