സ്വകാര്യഭൂമി വിട്ടുനൽകുന്നില്ല; വനംവകുപ്പിനെതിരെ നാട്ടുകാർ

കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ റവന്യൂഭൂമി വനമാക്കി മാറ്റാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് കര്‍ഷകര്‍. മുഴുവന്‍ റവന്യൂ രേഖകളുമുള്ള പത്ത് കര്‍ഷകരുടെ ഭൂമിയിലാണ് വനംവകുപ്പ് കഴിഞ്ഞദിവസം പുതിയ അടയാളം സ്ഥാപിച്ചത്. പരാതി നല്‍കാനെത്തിയപ്പോഴുണ്ടായ തര്‍ക്കത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം ഉള്‍പ്പെടെ പതിനാറാളുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

ചെമ്പനോട വില്ലേജില്‍ കൂവപ്പൊയില്‍ പറമ്പല്‍ മേഖലയിലെ പത്ത് കര്‍ഷകരുടെ രണ്ടേക്കറിലധികം ഭൂമിയാണ് വനംവകുപ്പ് അളന്ന് തിരിച്ചത്. വര്‍ഷങ്ങളായി കൃഷിയുള്ള ഭൂമിയാണെന്ന് മാത്രമല്ല ഓരോന്നിനും കൃത്യമായ പട്ടയമുണ്ട്. കഴിഞ്ഞമാസം വരെ കരമടയ്ക്കുകയും ചെയ്തു. വനത്തിനോട് ചേര്‍ന്നുള്ള ഭൂമി കൃഷിയിടമായാലും കൈക്കലാക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമമെന്നാണ് പരാതി. കഴിഞ്ഞദിവസമാണ് കൃഷിയിടങ്ങളില്‍ അതിര്‍ത്തിക്കല്ലിട്ടത്. ആരാധനാലയവും പോസ്റ്റ് ഓഫിസും കടമുറികളുമെല്ലാം വനംവകുപ്പ് അളന്ന് തിരിച്ച ഭൂമിയിലുണ്ട്. 1944 മുതല്‍ കൈവശമുള്ള ഭൂമി വനഭൂമിയാക്കി മാറ്റാനുള്ള നീക്കമാണ്. സര്‍വേയെക്കുറിച്ച് അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. വിളകളും ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ചു. 

വനംവകുപ്പിന്റെ സര്‍വേ നടപടികള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ഭൂവുടമ റേഞ്ച് ഓഫിസിലെത്തി പരാതി നല്‍കിയത്. കര്‍ഷകരെ റേഞ്ച് ഓഫിസര്‍ കൈയ്യേറ്റക്കാരെന്ന് വിളിച്ച് അധിക്ഷേപിച്ചതായാണ് പരാതി. പിന്നാലെ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായി. വനപാലകര്‍ നല്‍കിയ പരാതിയിലാണ് പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തത്.