melpathursmarakam-03

അവഗണനയുടെ സ്മാരകമായി മലപ്പുറം കുറുമ്പത്തൂരിലെ മേല്‍പ്പത്തൂര്‍ ഇല്ലപ്പറമ്പ്. മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ പേരിലുള്ള സ്മാരകമാണ് പരിപാലനമില്ലാതെ നശിക്കുന്നത്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്ഥലത്ത് പല വികസന പദ്ധതികള്‍ തീരുമാനിച്ചിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല. 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദിവസവും നാരായണീയത്തിന്റെ സ്വരം ഉയരുമ്പോഴും, രചയിതാവിന്റെ ജന്മസ്ഥലത്തോടുള്ള അവഗണന തുടരുകയാണ്. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള ഈ 83 സെന്റിലാണ് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ പേരിലുള്ള സ്മാരകം സ്ഥിതിചെയ്യുന്നത്. ഇല്ലത്തിന്റെ മച്ചറ നിന്നിരുന്ന ഭാഗത്ത് സ്മാരക മണ്ഡപവും അതില്‍ നാരായണ ഭട്ടതിരിപ്പാടിന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും വൃശ്ചികം എട്ടിന് പ്രതിമാസ്ഥാപന ദിനം നടക്കും. അന്നുമാത്രമാണ് ഈ സാംസ്കാരിക ഭൂമിയെപ്പറ്റി ദേവസ്വം ബോര്‍ഡ് ഓര്‍ക്കുന്നത് എന്നാണ് ആരോപണം. 

സ്മാരകമണ്ഡപമൊഴിച്ച് മറ്റ് വികസനപദ്ധതികളൊന്നും ഇവിടെ നടത്തിയിട്ടില്ല. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, സാംസ്കാരിക നിലയം, ഭാഷാ പഠനകേന്ദ്രം എന്നീ ആവശ്യങ്ങള്‍ ഇപ്പോഴും കടലാസില്‍ തുടരുകയാണ്. കുളം നവീകരണം പാതിവഴിയില്‍ നിലച്ചു, പ്രദേശമാകെ കാടുപിടിച്ചുകിടക്കുന്ന അവസ്ഥ. തീര്‍ഥാടക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇല്ലപ്പറമ്പില്‍ വികസനം നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാണ്.