തുറയൂർ ശ്രദ്ധ സാംസ്കാരിക വേദി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

കോഴിക്കോട് കൊയിലാണ്ടി തുറയൂറില്‍ സി.പി.എം വിഭാഗീയതയെ തുടര്‍ന്ന് രൂപീകരിച്ച ശ്രദ്ധ സാംസ്കാരിക വേദി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. പാര്‍ട്ടി സംസ്ഥാന നേതാവായിരുന്ന പയ്യോളി നാരായണന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചാണ്  പാര്‍ട്ടി നേതൃത്വവുമായി ഇനി അനുരഞ്ജനത്തിനില്ല എന്ന നിലപാട് വ്യക്തമാക്കിയത് .കൂടുതല്‍ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തു മുന്നേറാനാണ് സാംസ്കാരിക വേദി പ്രവര്‍ത്തകരുടെ തീരുമാനം.  രണ്ടു വര്‍ഷം മുമ്പാണ് ശ്രദ്ധ സാംസ്കാരിക വേദി പ്രവര്‍ത്തനം ആരംഭിച്ചത്.

തുറയൂരിലെ സി.പി.എം സമ്മേളനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നായിരുന്നു ഇത്. ലോക്കല്‍ സമ്മേളനത്തില്‍ പരാജയപ്പെട്ട ആളെ ഏരിയകമ്മിറ്റിയുടെ നേതൃത്വം ഏല്‍പ്പിച്ചു എന്നതായിരുന്നു തര്‍ക്കത്തിന് കാരണം.സാംസ്കാരിക വേദിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി സംസ്ഥാന നേതാവായിരുന്ന പയ്യോളി നാരായണന്റെ  അനുസ്മരണം സംഘടിപ്പിച്ചത്.

പാര്‍ട്ടി നടപടി നേരിട്ട മുന്‍ കൊയിലാണ്ടി ഏരിയ സെക്രട്ടറി എന്‍.വി.ബാലകൃഷ്ണനെ ഉദ്ഘാടകനാക്കിയായിരുന്നു ഈ സമ്മേളനം. പാര്‍ട്ടിയുമായി അനുരഞ്‍‍ജനത്തിനില്ല എന്ന നിലപാട് ശക്തമാക്കാനായിരുന്നു ഇത്. ഇരിങ്ങല്‍,മൂടാടി. തിക്കോടി, പയ്യോളി  മേഖലകളില്‍ നിന്ന് കൂടുതല്‍പേര്‍ സംസ്കാരിക വേദിക്ക് പിന്തുണയുമായി എത്തുന്നുണ്ട്.അതേസമയം പാര്‍ട്ടി ഔദ്യോഗിക നേതൃത്വവും അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നു.