അപകടക്കെണിയായി മാവൂർ റോഡിലെ മരങ്ങൾ

റോഡരികില്‍നിന്ന മരങ്ങള്‍ റോഡ് തകര്‍ത്ത് പ്രളയത്തില്‍ കടപുഴകി വീണിട്ടും മുറിച്ച് മാറ്റിയില്ല. കോഴിക്കോട് മാവൂര്‍ റോഡിലാണ് അപകടക്കെണിയായി മരങ്ങള്‍ കടപുഴകി കിടക്കുന്നത്. തകര്‍ന്ന റോഡ് അടിയന്തരമായി അറ്റകുറ്റപണി നടത്താനുള്ള പണവും പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിട്ടില്ല.

അപകടം ഉറപ്പായിട്ടും മരങ്ങള്‍ മുറിച്ച് മാറ്റി കുഴികള്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ പോലും തയ്യാറായിട്ടില്ല. ചെറൂപ്പ മുതല്‍ മാവൂര്‍ വരെയാണ് വിവിധയിടങ്ങളില്‍ റോഡിളക്കി മരങ്ങള്‍ കടപുഴകി കിടക്കുന്നത്. കഴിഞ്ഞ പ്രളയകാലത്തും ഇതേ സാഹചര്യമുണ്ടായപ്പോള്‍ റോഡ് വീതി കൂട്ടി പാര്‍ശ്വഭിത്തി നിര്‍മിക്കാന്‍ നാല്‍പത് കോടി രൂപയുടെ പദ്ധതി സര്‍ക്കാരിലേക്ക് നല്‍കിയിരുന്നു. എന്നാല്‍ അനുമതി ലഭിച്ചില്ല. അതുകൊണ്ട് ഈ വര്‍ഷത്തെ പ്രളയശേഷം കുഴിയടയ്ക്കാനുള്ള പത്ത് ലക്ഷം രൂപയുടെ പദ്ധതിയാണ് സമര്‍പ്പിച്ചത്. അതിലും തീരുമാനമായില്ല.

ഏഴ് മീറ്റര്‍ ഉയരത്തിലുള്ള റോഡ് പ്രളയസമയത്ത് പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു.