ചാലിയാറിൽ മീൻ ചാകര; വളർത്തുകേന്ദ്രങ്ങളിൽ നിന്ന് ചാടിപോയവയും വലയിൽ

പ്രളയജലം ഒഴുകി പോയതിന് പിന്നാലെ ചാലിയാര്‍ പുഴയില്‍ മീന്‍പിടുത്തം സജീവം. സ്വകാര്യ കുളത്തില്‍നിന്ന് ചാടിപ്പോയ മീനടക്കം നിരവധിയിനം മീനുകളാണ് നാട്ടുകാരുടെ വലയിലും ചൂണ്ടയിലും കുരുങ്ങുന്നത്. 

പിടയ്ക്കുന്ന മീന്‍ വാങ്ങാനും കാണാനും വലയെറിഞ്ഞ് പിടിക്കാനും നിരവധിപേരാണ് പുഴയോരത്ത് എത്തുന്നത്. ഊര്‍ക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടര്‍ തുറന്നതാണ് മീന്‍ ചാകരയ്ക്ക് കാരണം. പാലത്തിന്റെ മുകളില്‍നിന്ന് താഴേക്ക് വല കയറില്‍ കെട്ടിതൂക്കിയാണ്  മീന്‍പിടുത്തം. ഒഴുക്കിനെതിരെ ചാടുന്ന മീനുകള്‍ വലയിലാകും. പ്രളയത്തില്‍ വളര്‍ത്തു കേന്ദ്രങ്ങളില്‍നിന്ന് ചാടിപോയ മീനുകളും പിടിയിലാകുന്നുണ്ട്.

പിടിക്കുന്ന മീനെല്ലാം ഇവിടെവച്ചുതന്നെ വിറ്റഴിക്കും. കണ്‍മുന്‍പില്‍ പിടിക്കുന്ന മീനായതിനാല്‍ പറയുന്ന വില കൊടുത്താണ് ആളുകള്‍ വാങ്ങുന്നത്.