മഴക്കെടുതി; 223 കോടിരൂപയുടെ കാര്‍ഷിക നഷ്ടം: ഇരട്ടിയെന്ന് കർഷകർ

വയനാട്ടില്‍ മഴക്കെടുതിയില്‍ 223 കോടിരൂപയുടെ കാര്‍ഷികനഷ്ടമെന്ന് കൃഷിവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. യഥാര്‍ഥ നഷ്ടം ഇതിന്റ ഇരട്ടിവരുമെന്ന് കര്‍ഷകര്‍ പറയുന്നു. നേന്ത്രവാഴക്കൃഷിക്കാണ് കൂടുതല്‍ നാശം നേരിട്ടത്.

കഴിഞ്ഞതവണത്തെ കാര്‍ഷിക തകര്‍ച്ചയുടെ തുടര്‍ച്ചയാണ് ഇക്കുറിയും. വരള്‍ച്ചയ്ക്ക് ശേഷമെത്തിയ പെരുംമഴ കര്‍ഷകന്റെ നട്ടെല്ലൊടിച്ചു. 223 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമിക കണക്ക്. വെള്ളം പൂര്‍ണമായും ഇറങ്ങിയാല്‍ മാത്രമേ കൃത്യമായ നാശം മനസിലാക്കാനാകൂ. 148 കോടിരൂപയുടെ നേന്ത്രവാഴക്കൃഷി ഇല്ലാതായി. ഇരുപത്തിനാല് ലക്ഷം കുലച്ചവാഴകളും ഒമ്പത് ലക്ഷം കുലയ്ക്കാത്തതും നശിച്ചു. നഷ്ടപരിഹാരം കൃത്യമായി ലഭിച്ചാല്‍പ്പോലും കരകയറാനാവാത്ത അവസ്ഥയാണ്.

1508 ഹെക്ടറില്‍ നെല്‍ക്കൃഷി വെള്ളത്തിലായി. ഇരുപത്തിയെട്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കുരുമുളകിനും വ്യാപകനാശമുണ്ടായി. ഒരുലക്ഷത്തോളം വള്ളികള്‍ കേടായി. 751 ലക്ഷം രൂപയാണ് നഷ്ടം.

കൊക്കോയും കവുങ്ങും വ്യാപമായി നശിച്ചു. കാലാവസ്ഥ തെളിഞ്ഞാലും ദൂരവ്യാപകപ്രത്യാഘാതങ്ങളാണ് കര്‍ഷകരെ കാത്തിരിക്കുന്നത്.