മാവൂരിൽ കുടിവെള്ള വിതരണം മുടങ്ങുന്നു; പ്രതിഷേധവുമായി നാട്ടുകാർ

കോഴിക്കോട് മാവൂര്‍ മേഖലയില്‍ കുടിവെള്ള വിതരണത്തില്‍ കടുത്ത പ്രതിസന്ധി. ചെളിവെള്ളം നിറയുന്നുവെന്ന കാരണം പറഞ്ഞ് ജല അതോറിറ്റി ബോധപൂര്‍വം പമ്പിങ് മുടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കുടിക്കാനും പാചകത്തിനുമുള്‍പ്പെടെ വെള്ളം വില കൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ്. 

ചാലിയാര്‍ കരകവിഞ്ഞതിനെത്തുടര്‍ന്ന് മാവൂരില്‍ മാത്രം എണ്‍പതിലധികം വീടുകളിലാണ് ചെളിയടിഞ്ഞത്. ഏറെ പണിപ്പെട്ട് വാസയോഗ്യമാക്കിയെങ്കിലും കുടിവെള്ളം മുടങ്ങുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. കിണറുകളില്‍ മലിനജലം നിറഞ്ഞു. ജല അതോറിറ്റിയുടെ ശുദ്ധീകരിച്ച ജലത്തെ മാത്രം ആശ്രയിക്കുന്നവര്‍ക്ക് പാചകത്തിന് ഉള്‍പ്പെടെ കുപ്പിവെള്ളം വാങ്ങേണ്ട അവസ്ഥയാണ്. മുന്നറിയിപ്പില്ലാതെ പതിവായി പമ്പിങ് മുടക്കുന്നുവെന്നാണ് ആക്ഷേപം.   

ദിവസേന രണ്ട് മണിക്കൂറാണ് നിലവില്‍ കുടിവെള്ള വിതരണമുള്ളത്. ഇതെങ്കിലും മുടങ്ങാതെ ലഭ്യമാക്കുന്നതിനുള്ള നടപടിയെടുക്കണമെന്നാണ് ആവശ്യം. പുഴ വഴിമാറിയൊഴുകിയതിന് പിന്നാലെ പമ്പിങ് സംവിധാനത്തിലുള്‍പ്പെടെ തകരാര്‍ സംഭവിച്ചു. ഈ സാഹചര്യത്തിലുണ്ടായ ശുദ്ധജല വിതരണത്തിലെ തടസം വൈകാതെ പരിഹരിക്കുമെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം.