ചാലിപ്പുഴ കര കവിഞ്ഞു; പതിവ് പോലെ പ്രദേശവാസികൾക്ക് പലായനം

കോഴിക്കോട് കോടഞ്ചേരി പറപ്പറ്റയില്‍ ചാലിപ്പുഴ കരകവിഞ്ഞ് നിരവധി വീടുകളിലേക്ക് വെള്ളം കയറി. അപ്രോച്ച് റോഡ് തകര്‍ന്നതിനൊപ്പം വീടുകളുടെ സംരക്ഷണഭിത്തിയും നിലംപൊത്തി. ഒഴുകിയെത്തിയ വന്‍മരങ്ങളുള്‍പ്പെടെ ബണ്ടിന്റെ തൂണില്‍തട്ടി നിന്നതാണ് ഇരുകരയിലേക്കും വെള്ളം 

കയറാനിടയാക്കിയത്. 

മഴ വന്നാല്‍ ചാലിപ്പുഴ കരകവിയും. വീടുകളിലേക്ക് വെള്ളം കയറും. കൈയ്യില്‍ കിട്ടുന്നതുമെടുത്ത്പലായനം ചെയ്യേണ്ടി വരുന്നതാണ് പതിവ്.ഇത്തവണയും മാറ്റമുണ്ടായില്ല. നഷ്ടത്തിന്റെ വ്യാപ്തി കൂടി.ബണ്ട്കടന്ന്പുഴയൊഴുകാനുള്ള സാഹചര്യമില്ലാത്തതാണ് പറപ്പറ്റക്കാരെ കണ്ണീരിലാഴ്ത്തുന്നത്.

ബണ്ടിന്റെ തൂണുകളില്‍ ചെറിയൊരു വേര് തടഞ്ഞാല്‍പ്പോലും വെള്ളം സമീപത്തെ ഭൂമിയിലേക്ക് വ്യാപിക്കും. ചെറിയൊരു മഴയില്‍പ്പോലും മലമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്ന അവസ്ഥയുണ്ട്. പുഴ കരകവിഞ്ഞതോടെ മുന്നൂറിലധികം കുടുംബങ്ങളുടെ മറുകരയിലേക്കുള്ള യാത്ര പ്രതിസന്ധിയിലാക്കി അപ്രോച്ച് റോഡും പൂര്‍ണമായും തകര്‍ന്നു. വീട്ടിലേക്ക് വെള്ളമെത്താതിരിക്കാന്‍  കുടുംബങ്ങള്‍ സ്വന്തം നിലയില്‍ നിര്‍മിച്ച സംരക്ഷണഭിത്തിയും തകര്‍ന്നിട്ടുണ്ട്.