ചിപ്പിലിത്തോട് തുഷാരഗിരി റോഡ് തകര്‍ന്നു; വലഞ്ഞ് 60 കുടുംബങ്ങൾ

ആറ് മാസം മുന്‍പ് ഉദ്ഘാടനം കഴിഞ്ഞ കോഴിക്കോട് ചിപ്പിലിത്തോട് തുഷാരഗിരി റോഡ് തകര്‍ന്നതോടെ അറുപതിലധികം കുടുംബങ്ങളുടെ സഞ്ചാര വഴി അടഞ്ഞു. ഏത് പ്രളയത്തെയും അതിജീവിക്കാന്‍ ശേഷിയുള്ള റോഡെന്ന് പ്രഖ്യാപിച്ചാണ് പണി പൂര്‍ത്തിയാക്കിയത്. ഭൂരിഭാഗം സ്ഥലങ്ങളിലും റോഡിന്റെ പുനര്‍നിര്‍മാണം തന്നെ വേണ്ടിവരും. 

ഫെബ്രുവരി ഏഴിന് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്ത ചിപ്പിലിത്തോട് തുഷാരഗിരി റോഡ്. വയനാട് ചുരമിറങ്ങിയെത്തുന്നവര്‍ക്ക് മലയിടുക്കിന്റെ ഭംഗി ആസ്വദിച്ച് തുഷാരഗിരിയിലേക്ക് വേഗത്തിലെത്താനുള്ള പാത. ഇരുപത് കോടി ചെലവില്‍ ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മാണം. ഏത് പ്രളയത്തെയും അതിജീവിക്കുമെന്ന് പ്രഖ്യാപിച്ച് പൂര്‍ത്തിയാക്കിയ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ കാണണം. റോഡില്‍ ഗര്‍ത്തങ്ങളും നീര്‍ച്ചാലുകളും. നാല് പാലങ്ങള്‍ തകര്‍ന്നു. നിര്‍മാണത്തിന്റെ പിഴവല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും വേഗത്തില്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയില്ലെന്ന് വ്യക്തം. പലയിടത്തും പുനര്‍നിര്‍മാണം തന്നെ വേണ്ടിവരും. റോഡ് തകര്‍ന്നതോടെ അറുപതിലധികം കുടുംബങ്ങള്‍ക്ക് കാല്‍നടയല്ലാതെ മറ്റ് മാര്‍ഗമില്ലാതായി.  

പഴയ പാതയായ ചിപ്പിലിത്തോട് മരുതിലാവ് റോഡും ഉരുള്‍പൊട്ടലില്‍ തകര്‍ന്നതിനാല്‍ ഈ വഴിയിലൂടെയുള്ള യാത്രയും ദുഷ്കരമാണ്. കോ‍ടഞ്ചേരി പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിച്ചിരുന്ന റോഡ് പൂര്‍ണമായും മഴയെടുത്തതോടെ മലയോര മേഖലയിലുള്ളവര്‍ക്ക് ചുരമടുക്കാന്‍ കിലോമീറ്ററുകള്‍ ചുറ്റേണ്ടി വരും. തുഷാരഗിരിയിലേക്കുള്ള മറ്റ് മൂന്ന് പാതകളും ഉരുള്‍പൊട്ടലില്‍ തകര്‍ന്നിട്ടുണ്ട്