റവന്യൂ അധികൃതര്‍ കയ്യൊഴിഞ്ഞവര്‍ക്ക് താങ്ങായി യുവാക്കളുടെ കൂട്ടായ്മ

റവന്യൂ അധികൃതര്‍ സഹായിക്കാനാകില്ലെന്നറിയിച്ച കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി യുവാക്കളുടെ കൂട്ടായ്മ. കോഴിക്കോട് മാവൂര്‍ എടക്കുനിയിലാണ് ചെളിക്കുണ്ടായ നിരവധി വീടുകള്‍ ഇവര്‍ പൂര്‍വസ്ഥിതിയിലാക്കിയത്. ക്യാംപിലെത്താത്തവര്‍ തല്‍ക്കാലം ആശ്വാസ പദ്ധതികളില്‍പ്പെടില്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചത്. 

നിസ്കാരപ്പായ മാത്രം കൈയ്യിലെടുത്ത് കടത്തുവഞ്ചിയില്‍ ബന്ധുവീട്ടിലേക്ക് പാഞ്ഞ ഖദീജയുടെ നൊമ്പരമാണിത്. കഴിഞ്ഞ പ്രളയത്തില്‍ വീടിന് മുന്‍ഭാഗത്ത് വരെ വെള്ളമെത്തി. ഇത്തവണ ചാലിയാര്‍ കരയെല്ലാം കൈവഴിയാക്കിയപ്പോള്‍ എടക്കുനിമല്‍ വീട്ടിലും വെള്ളം കയറി. രോഗിയായ ഭര്‍ത്താവിനെ ബന്ധുവീട്ടിലേക്ക് മാറ്റി വീണ്ടും ഒരുദിവസം കൂടി ഖദീജ പുരയില്‍ തങ്ങി. ഒടുവില്‍ വീടൊഴിയാതെ വഴിയില്ലായിരുന്നു. മടങ്ങി വന്നപ്പോഴുള്ള കാഴ്ച നൊമ്പരപ്പെടുത്തുന്നതും. 

വീട് വൃത്തിയാക്കാന്‍ സഹായിക്കണമെന്ന് റവന്യൂ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ക്യാംപില്‍ താമസിക്കുന്നവര്‍ക്കാണ് സഹായമെന്നായിരുന്നു മറുപടി. പിന്നാലെ ബന്ധുക്കളും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഖദീജയുെട കണ്ണീരൊപ്പാനെത്തി. ആര് മറന്നാലും ഇവര്‍ക്ക് ജീവിതം തിരികെ പിടിക്കണം. കുതിര്‍ന്ന് നശിച്ച രേഖകള്‍ക്കിടയില്‍ പ്രതീക്ഷയുടെ അവശേഷിപ്പുകള്‍ തിരയുകയാണിവര്