മരം മുറിക്കാൻ അനുമതി; പറ്റില്ലെന്ന് വനപാലകർ; അറസ്റ്റ്

മരം മുറിക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് പെരുവണ്ണാംമൂഴിയിൽ വനംവകുപ്പ് ഓഫിസ് ഉപരോധിച്ച കർഷകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഓഫിസിന്റെ പ്രവർത്തനം തടസപ്പെടുത്താതെ സമരം ചെയ്തതിന് കേസെടുത്തതിനെതിരെ പ്രതിഷേധവും ശക്തമാണ്. ഒരു കാരണവുമില്ലാതെ കലക്ടറുടെ ഉത്തരവ് നടപ്പാക്കാതിരുന്ന റേഞ്ച് ഓഫിസർക്കെതിരെ കേസെടുക്കണമെന്നാണ് കർഷകരുടെ നിലപാട്. 

പതിനൊന്നുപേര്‍ക്കെതിരെയാണ് പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തത്. പരാതി നല്‍കില്ലെന്ന് തഹസിൽദാർ അറിയിച്ചിരുന്നുവെങ്കിലും വനപാലകർ സമ്മതിച്ചില്ല. അങ്ങനെ റെയ്ഞ്ച് ഓഫിസറാണ് പൊലീസിൽ പരാതി നൽകിയത്. 

കലക്ടറുടെ ഉത്തരവുണ്ടായിട്ടും മരംമുറിക്കാന്‍ അനുമതി നല്‍കാതിരുന്നതിന്റെ കാരണം വനപാലകര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

നിഷേധിച്ച അനുമതി കര്‍ഷക സമരത്തെതുടര്‍ന്ന് നല്‍കിയതോടെ വനപാലകരുടെ പിടിവാശിയാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നും ആരോപണമുണ്ട്.