കാടിയാത്തുകുന്നിൽ അനധികൃത ക്വാറി; നാട്ടുകാർ പ്രതിഷേധത്തിൽ

മലപ്പുറം വാഴക്കാട് കാടിയാത്തുകുന്നിലെ അനധികൃത ചെങ്കല്‍ ക്വാറിക്കെതിരെ പ്രതിഷേധിച്ചവുമായി നാട്ടുകാര്‍. ഗ്രാപഞ്ചായത്ത് അനുമതി നിഷേധിച്ചിട്ടും പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ അമ്മമാരും കുട്ടികളും സഹിതം നാട്ടുകാര്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. 

കാടിയാത്തുകുന്നിലെ ഏക്കര്‍ കണക്കിന് മല ഇടിച്ചാണ് ചെങ്കല്‍ ഖനനം. 80 ഡിഗ്രിയോളം കുത്തനെ ചെരിഞ്ഞു കിടക്കുന്ന മലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത പോലും പരിഗണിക്കാതെയാണ് ജിയോളജി അടക്കം ഖനനത്തിന് അനുമതി നല്‍കിയത്. വാഴക്കാട് പഞ്ചായത്തിലെ നാലു വാര്‍ഡുകളിലെ നൂറു കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്നത് ചെങ്കല്‍ ക്വാറിക്ക് താഴെയുളള പ്രദേശങ്ങളിലാണ്.

നാട്ടുകാര്‍ ശുദ്ധജലം ശേഖരിക്കുന്ന നീര്‍ച്ചോലകള്‍ ഉല്‍ഭവിക്കുന്നതും കാടിയാത്തുകുന്നില്‍ നിന്നാണ്. ജനങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നിഷേധിച്ചിട്ടും ഖനനം തുടരുകയാണ്.

കലക്ടറേറ്റിലേക്ക് നാട്ടുകാര്‍ നടത്തിയ മാര്‍ച്ചിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി.എ. പൗരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.