റോഡ് നിർമാണത്തിൽ അപാകത; പ്രതിഷേധം

കണ്ണൂരിൽ പിണറായി പാറപ്രത്ത്  റോഡ് നിര്‍മാണത്തില്‍ അപാകതയെന്ന് ആരോപണം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവച്ചു. റോഡ് വീതി കൂട്ടുന്നതിനായി ജെല്ലിയിട്ട് ഉറപ്പിച്ചെങ്കിലും മഴയെതുടര്‍ന്ന് ഒലിച്ചുപോയതോടെയാണ് എതിര്‍പ്പുയര്‍ന്നത്.  

ചിറക്കുനി–പാറപ്രം–അണ്ടല്ലൂര്‍ക്കാവ്–പറശിനിക്കടവ് റോഡിന്‍റെ മൂന്ന്പെരിയ മുതല്‍ പാറപ്രം പാലം വരെയുള്ള ഭാഗമാണ് തകര്‍ന്നത്. റോഡിന്‍റെ ഇരു ഭാഗങ്ങളിലും നാല്‍പ്പത് സെന്‍റീമീറ്റര്‍ കുഴിയെടുത്ത് വിവിധ കനത്തിലുള്ള ജല്ലികളുടെ മിശ്രിതം ഇട്ട് ഉറപ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ ജല്ലിയുടെ അളവിലും കുഴിയെടുക്കുന്നതിലും കൃത്രിമം കാണിച്ചെന്നാണ് ആരോപണം. 

റോഡിലേക്ക് ജല്ലി ചിതറിക്കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍ പെടുന്നത് പതിവാണ്. നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണോ കരാറുകാരന്‍ നിര്‍മാണം നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ഇരുപത്തിനാല് കോടിരൂപ കേന്ദ്ര റോഡ് നിധി ഉപയോഗിച്ചാണ് നിര്‍മാണം. ജല്ലി ഉപയോഗത്തിലടക്കമുള്ള അപാകതകള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.