സംസ്ഥാന അതിര്‍ത്തിയായ മലപ്പുറം വഴിക്കടവ് നാടുകാണി ചുരംറോഡ് നിര്‍മാണം പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകം ഇടിഞ്ഞു താഴുന്നു. ഭീഷണി തുടര്‍ന്നാല്‍ ചുരത്തിലൂടെ കൂടുതല്‍ ഗതാഗത നിയന്ത്രണം വേണ്ടി വരുമോയെന്നും ആശങ്കയുണ്ട്.
ചുരത്തില്‍ ജാറത്തിന് സമീപമാണ് ഇരുപതടിയോളം താഴ്ചയില്‍ സംരക്ഷണഭിത്തിയടക്കം തകര്‍ന്നു വീണത്. റോഡില്‍ ഒന്നര മീറ്ററോളം ആഴത്തില്‍ ഇടിഞ്ഞു താഴ്ന്നതോടെ ഈ ഭാഗത്ത് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നിര്‍മാണം പൂര്‍ത്തിയായതിന് പിന്നാലെയാണ് സംഭവം. സംരക്ഷണഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് വനം....റവന്യൂ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമുളള സ്ഥലങ്ങളിലാണ് മണ്ണിടിച്ചില്‍.
കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണി തുടരുകയാണ്. ഭൂഗര്‍ഭജലത്തില്‍ ഒഴുക്കുളള പ്രദേശമായതിനാല്‍ പാറ കാണുന്ന സ്ഥലം വരെ ആഴത്തില്‍ മണ്ണെടുത്ത് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കണമെന്ന ജിയോളജിക്കല്‍ സര്‍വേ ഒാഫ് ഇന്ത്യയുടെ നിര്‍ദേശം റോഡുനിര്‍മാണത്തില്‍ പാലിക്കാത്തതും പെട്ടന്നുളള തകര്‍ച്ചക്ക് കാരണമായെന്നാണ് വിലയിരുത്തല്‍.