makkoottam-churam

കേരള–കര്‍ണാടക അതിര്‍ത്തിയായ മാക്കൂട്ടം ചുരം പാതയിലൂടെയുള്ള യാത്ര ഭീതിജനകം. റോഡിലേക്ക് കടപുഴകി വീഴാന്‍ സാധ്യതയുള്ള മരങ്ങളും മഴപെയ്താല്‍ ഇടിയുന്ന കുന്നുകളുമാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. മഴ ശക്തമായതോടെ വാഹനങ്ങള്‍ റോഡില്‍ നിന്ന് തെന്നിമാറി അപകടമുണ്ടാകുന്നതും പതിവാണ്.

കണ്ണൂര്‍ ജില്ലയില്‍ നിന്നും, മാക്കൂട്ടം ചുരം കയറിയാല്‍ വീരാജ്പേട്ട, മൈസൂര്‍ വഴി എളുപ്പത്തില്‍ ബെംഗളൂരുവിലേക്ക് എത്താം. ദിവസവും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. രാത്രി യാത്രയും അനുവദിക്കുന്നുണ്ട്. കൂട്ടുപുഴ പാലം കടന്നാല്‍ പിന്നെ, വനത്തിലൂടെയുള്ള ചുരം കയറ്റമാണ്. റോഡരികില്‍ എപ്പോള്‍ വേണമെങ്കിലും കടപുഴകാന്‍ സാധ്യതയുള്ള മരങ്ങളാണ് അപകടഭീഷണി ഉയര്‍ത്തുന്നത്. 

മഴയും കാറ്റുമുണ്ടാകുമ്പോള്‍ അപകടസാധ്യത വര്‍ധിക്കുന്നു. വാഹനത്തിന് മുകളില്‍ മരം വീണ്  അപകടമുണ്ടാകുന്നതും പതിവാണ്. കഴിഞ്ഞ പ്രളയകാലത്തുണ്ടായ കനത്ത മഴയില്‍ നിരവധി കുന്നുകള്‍ ഇടിഞ്ഞിരുന്നു. അതിന്‍റെ ബാക്കി ഭാഗങ്ങളും ഇടിഞ്ഞുവീഴാറായിട്ടുണ്ട്. റോഡുകള്‍ നവീകരിക്കുകയും മുന്നറിയിപ്പ് ബോര്‍ഡുകളെല്ലാം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മരങ്ങള്‍ മുറിക്കാതെയും കുന്നിടിയുന്നതിന് പരിഹാരം കാണുകയും ചെയ്യാതെ അപകട ഭീതി ഒഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

നിലവിലെ സാഹചര്യത്തില്‍ മാക്കൂട്ടം ചുരം വഴി യാത്ര ചെയ്യുന്നവര്‍ അതീവ ശ്രദ്ധചെലുത്തണം. വേഗത നിയന്ത്രിക്കാനും വളരെ ശ്രദ്ധയോടെ വാഹനമോടിക്കാനും നിര്‍ദേശമുണ്ട്.