20 ലക്ഷം ചിലവിട്ടിട്ടും കാര്യമില്ല; തുറക്കാതെ രോഗികള്‍ക്കായുള്ള ആശ്വാസകേന്ദ്രം

വയനാട് മീനങ്ങാടിയില്‍ അരിവാള്‍ രോഗികള്‍ക്കായുള്ള ആശ്വാസകേന്ദ്രം അഞ്ചു വര്‍ഷമായിട്ടും പ്രവര്‍ത്തനമാരംഭിച്ചില്ല. ആദിവാസി വിഭാഗക്കാര്‍ വിട്ടുകൊടുത്ത ഭൂമിയിലാണ് 20 ലക്ഷം രൂപ ചിലവിട്ട് കെട്ടിടം പണിതത്.   

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അരിവാള്‍ രോഗികളുള്ള ജില്ലയാണ് വയനാട്. മീനങ്ങാടി പഞ്ചായത്തിലെ മണിവയലിലാണ് രാജ്യസഭാംഗം കെ.അച്യുതന്റെ പ്രാദേശകവികസനഫണ്ടില്‍ നിന്നും ഇരുപത് ലക്ഷം രൂപ ഉപയോഗപ്പെടുത്തി കെട്ടിടം പണിതത്. അഞ്ച് സെന്റ് സ്ഥലം ഒരു ആദിവാസി കുടുംബമാണ് വിട്ട് നല്‍കിയത്.

പക്ഷെ ഒരു രോഗിക്ക് പോലും ഇതിന്റെ ഉപകാരം ലഭിച്ചിട്ടില്ല.കെട്ടിട നിർമാണം പൂർത്തിയായിരുന്നെങ്കിലും അനുബന്ധ സൗകര്യങ്ങൾക്ക് തുക ഉണ്ടായിരുന്നില്ലെന്നാണ് ഗ്രാമ പഞ്ചായത്തിന്റെ മറുപടി.

കിണർ, ചുറ്റുമതിൽ, വയറിങ് എന്നിവ പൂർത്തിയാക്കാൻ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു.  വൈദ്യുതി കണക്ഷൻ ലഭിച്ചാൽ ഉടൻ കേന്ദ്രം പ്രവർത്തിപ്പിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും പ്രസിഡന്റ് അറിയിച്ചു.