ഉദ്ഘാടനത്തിന് മുന്‍പേ അപ്രോച്ച് റോഡ് തകര്‍ന്നു: പ്രതിഷേധം

ഉദ്ഘാടനത്തിന് മുന്‍പേ കോഴിക്കോട് വടകര കല്ലേരി പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു. പാലത്തിന്റെ കോണ്‍ക്രീറ്റില്‍ വിള്ളല്‍ വീണതും നിര്‍മാണത്തിലെ അപാകതയെന്നാണ് ആക്ഷേപം. അനാസ്ഥയ്ക്കെതിരെ സമരത്തിനൊരുങ്ങുകയാണ് കല്ലേരിക്കാര്‍. 

 പാലത്തിന്റെ കോണ്‍ക്രീറ്റില്‍ വിള്ളല്‍ വീണു. കൈവരിയില്‍ പൊട്ടലുണ്ട്. അപ്രോച്ച് റോഡിന്റെ ഭിത്തിയിലെ കരിങ്കല്ലുകള്‍ തെന്നി മാറി. നിര്‍മാണത്തിലെ അപാകതയെന്ന പരാതിയാണുയരുന്നത്. 

റോഡ് നിര്‍മാണത്തിന് കനാലിലെ മണ്ണാണ് ഉപയോഗിച്ചത്. മണ്ണിലെ ജലസാന്നിധ്യം ചാറ്റല്‍ മഴയില്‍ കൂടിയ അളവിലേക്കെത്തി. മണ്ണിടിഞ്ഞത് കാരണം പാകിയിരുന്ന കല്ലുകള്‍ക്കും ഇളക്കം സംഭവിച്ചു. 

പഴയപാലം പൊട്ടിവീണതോടെയാണ് കല്ലേരിയില്‍ പുതിയ പാലത്തിന്റെ പണി തുടങ്ങിയത്. മാഹി കനാലിന് കുറുകെയുള്ള പാലത്തിന് കരാറുകാരന്‍ ചില എളുപ്പവഴികള്‍ തേടിയതാണ് പിഴവിന് കാരണമായത്. പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതിനൊപ്പം അപ്രോച്ച് റോഡ് പൂര്‍ണമായും പണിയേണ്ടിയും വരും.