ധോബി തസ്തികയിലേക്കുള്ള അഭിമുഖം; 'നിപ' താല്‍ക്കാലിക ജീവനക്കാർ തടഞ്ഞു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ധോബി തസ്തികയിലേക്ക് നടന്ന അഭിമുഖം സ്ഥിരം നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നിപ കാലത്തെ താല്‍ക്കാലിക ജീവനക്കാര്‍ തടസപ്പെടുത്തി. പ്രിന്‍സിപ്പലിന്റെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെയായിരുന്നു പ്രതിഷേധം.  

ആശുപത്രി വികസനസമിതി നടത്തിയ അഭിമുഖമാണ് തടഞ്ഞത്. പൊലീസെത്തി സമരക്കാരെ പിന്തിരിപ്പിച്ചു. സമരസമിതിയുടെ നേൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ച് പ്രധാനകവടം കഴിഞ്ഞതോടെ പൊലീസ് തടഞ്ഞിരുന്നു. 

മാര്‍ച്ച് കഴിഞ്ഞ് മടങ്ങിയ സമരക്കാരാണ് അഭിമുഖം തടസപ്പെടുത്തിയത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പിലുണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാര്‍ പതിനാറ് ദിവസമായി രാപ്പക്കല്‍ സമരത്തിലാണ്. സ്ഥിരം നിയമനമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം.