ആറളത്ത് കുടിവെളള ക്ഷാമം രൂക്ഷം; നൂറോളം കുടുംബങ്ങൾ ദുരിതത്തിൽ

കണ്ണൂര്‍ ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കുടിവെള്ളക്ഷാമവും കാട്ടാനശല്യവും ജീവിതം ദുസഹമാക്കുന്നു.  ഏഴാം ബ്ലോക്കിൽ താമസിക്കുന്ന നൂറോളം കുടുംബങ്ങളാണ്  ദുരിതജീവിതം നയിക്കുന്നത്.

വയനാട്ടിൽനിന്നും എത്തിയ കുടുംബങ്ങളാണ് ഏഴാം ബ്ലോക്കിൽ താമസിക്കുന്നത്. വീട് വയ്ക്കാന്‍ പത്ത് സെന്റ്ും കൃഷിക്കായി തൊണ്ണൂറ് സെന്റും ഭൂമിയുമാണ് നല്‍കിയത്. ഈ രണ്ട് സ്ഥലങ്ങള്‍ തമ്മില്‍ കിലോമീറ്ററുകളുടെ അകലമുണ്ട്. വന്യമൃഗശല്യംമൂലം കൃഷിയിറക്കാനോ അവിടേക്ക് പോകാനോ സാധിക്കുന്നില്ല. കനത്ത കുടിവെള്ളക്ഷാമവും ബ്ലോക്കിലുണ്ട്.  ചെറിയ ഉറവയിൽ നിന്ന് കുഴിയുണ്ടാക്കിയാണ് വെള്ളമെടുക്കുന്നത്. 

കാട്ടനയുടെ ആക്രമണം പേടിച്ച് രാത്രിയില്‍ പുറത്തിറങ്ങാന്‍ കഴിയില്ല. രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ നേരം പുലരുംവരെ കാത്തിരിക്കണം. വനപാലകരോടും പട്ടികവര്‍ഗ വികസനവകുപ്പിനോട് പലവട്ടം പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.