attapadi-check-dam

അട്ടപ്പാടിയിലെ ഭവാനി, ശിരുവാണി പുഴകളില്‍ തടയണകളുടെ നിര്‍മാണം വൈകുന്നതായി കര്‍ഷകരുടെ പരാതി. പത്തു തടയണകള്‍ നിര്‍മിക്കണമെന്നിരിക്കെ ഒന്നരവര്‍ഷമായി രണ്ടെണ്ണം മാത്രമാണ് പൂര്‍ത്തിയായത്. 

െചറുകിട ജലസേചന പദ്ധതിപ്രകാരമാണ് അട്ടപ്പാടിയിെല ഭവാനി, ശിരുവാണി പുഴകളില്‍ തടയണകള്‍ നിര്‍മിക്കുന്നത്. ഒന്നരവര്‍ഷം മുന്‍പ് ഭവാനിപുഴയില്‍ മൂന്നെണ്ണത്തിന് തുടക്കമിട്ടെങ്കിലും പൂര്‍ത്തിയായത് രണ്ടെണ്ണം മാത്രം. രംഗനാഥപുരത്ത് പുഴയുടെ പകുതിവരെ മാത്രമാണ് തടയണ നിര്‍മിച്ചത്. ഇതുമാത്രമല്ല മറ്റ് ഏഴ് തടയണകള്‍ കൂടിയുണ്ട്. 

എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നതേയുളളുവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഭവാനിയില്‍ നാലും ശിരുവാണിപ്പുഴയില്‍ മൂന്ന് തടയണകളുമാണ് പൂര്‍ത്തിയാക്കേണ്ടത്. വേനല്‍ക്കാലത്ത് ഏറെ പ്രയോജനപ്പെടുന്ന നാടിന്റെ ദീര്‍ഘകാല ആവശ്യം പലകാരണങ്ങളാല്‍ വൈകുന്നത് കര്‍ഷകരെ സാരമായി ബാധിച്ചു.

മഴ ശക്തമായാല്‍ പുഴയില്‍ ഇനി യാതൊരു നിര്‍മാണവും നടക്കില്ല. ഒാരോ വര്‍ഷവും വൈകിയാല്‍ പദ്ധതി തന്നെ ഇല്ലാതാകുമെന്നാണ് കര്‍ഷകരുടെ ആശങ്ക. പണം ലഭിക്കുന്നതിന്റെ കാലതാമസവും മറ്റുമാണ്  പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നതിന്റെ കാരണമായി കരാറുകാര്‍ പറയുന്നത്.