മാലിന്യമുക്ത നഗരമാകാൻ കാഞ്ഞങ്ങാട് നഗരസഭ

മാലിന്യമുക്ത നഗരമെന്ന ലക്ഷ്യത്തോട് അടുക്കുകയാണ് കാസര്‍കോട്ടെ കാഞ്ഞങ്ങാട് നഗരസഭ. വീടുകളില്‍ നിന്ന് അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്ക്കരിക്കാനുള്ള പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ജൈവമാലിന്യങ്ങള്‍ വീടുകളില്‍ തന്നെ സംസ്ക്കരിക്കുന്നതിനുള്ള വിപുലമായ പദ്ധതിയും ആലോചനയിലുണ്ട്.   

നഗരസഭ പരിധിയിലെ വീടുകളില്‍ നിന്ന് ഹരിതസേനാംഗങ്ങളാണ് തരംതിരിച്ച് വച്ചിരിക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ പൊടിക്കാൻ കഴിയുന്നവ യന്ത്ര സഹായത്തോടെ ചെറുതരികളാക്കി മാറ്റുന്നു. ബാഗുകൾ, തുണിത്തരങ്ങൾ എന്നിവ ഹൈഡ്രോളിക് പ്രസ്സ് ചെയ്തു കെട്ടിവയ്ക്കുന്നു. ഓരോ വസ്തുക്കളുടേയും പുനരുപയോഗമാണ് ലക്ഷ്യം. ചെമ്മട്ടംവയലിലെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യങ്ങള്‍ തരംതിരിക്കുന്നതും ഹരിതസേന പ്രവര്‍ത്തകരാണ്  .

മാലിന്യശേഖരണത്തിനായി ആദ്യതവണ 100 രൂപയും തുടർന്നുള്ള മാസങ്ങളിൽ 50 രൂപയും വീടുകളിൽനിന്ന് ഈടാക്കുന്നു. നിലവിൽ നഗരസഭയിലെ പന്ത്രണ്ട് വാർഡുകളിലാണ് പദ്ധതി നടപ്പാക്കിയത്.. 6 മാസത്തിനകം കാഞ്ഞങ്ങാട് നഗരസഭയില്‍ എല്ലാ പ്രദേശങ്ങളിലേയ്ക്കും വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍.