കരാറുകാര്‍ക്ക് നഗരസഭ നൽകാനുള്ളത് 30 കോടി രൂപ

കോഴിക്കോട് ജില്ലയിലെ പൊതുമരാമത്ത് കരാറുകാര്‍ക്ക് നഗരസഭയില്‍ നിന്ന് ലഭിക്കാനുള്ളത് 30 കോടി രൂപ. മാര്‍ച്ച് അവസാനവാരം മുതല്‍ സമര്‍പ്പിച്ച 294 ബില്ലുകളാണ് മാറാനുള്ളത്. വിഷുവിനും ബില്‍ മാറി നല്‍കാത്തതില്‍ കരാറുകാരും അതൃപ്തിയിലാണ്.  

സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ്പയെടുത്താണ് പല കരാറുകാരും യഥാസമയം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും നിരന്തര ആവശ്യം പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ പണം നല്‍കാനുള്ള നടപടി മാത്രം നഗരസഭ കൈക്കൊള്ളുന്നില്ല. 

പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണെന്ന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ഞെരുക്കം പ്രയാസമുണ്ടാക്കുന്നുവെന്നാണ് നഗരസഭയുടെ വാദം. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും മേയര്‍ അറിയിച്ചു.