കാവിലുംപാറയിൽ ഡെങ്കിപ്പനി പടരുന്നു; പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിശ്ചലം

ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിശ്ചലമായതോടെ ദുരിതംപേറി കോഴിക്കോട് ജില്ലയിലെ കാവിലുംപാറ പഞ്ചായത്ത്.  നാട്ടുകാരുടെ പ്രധാന ആശ്രയമായ കുണ്ട്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് തിരിച്ചടിയാകുന്നത്.

ജില്ലയിലെ കിഴക്കന്‍ മലയോരമേഖലയായ കാവിലുംപാറയില്‍  രണ്ടുമാസത്തിനിടെ ഇരുപത്തിനാലുപേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനിലക്ഷണങ്ങളോടുകൂടി നിരവധിയാളുകളാണ് ചികില്‍സ തേടുന്നത്. നാട്ടുകാര്‍ കൂടുതലായി ആശ്രയിക്കുന്ന കുണ്ട്തോട്  പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ആരോഗ്യപ്രവര്‍ത്തകരില്ലാത്തതിനാല്‍ രോഗികള്‍ വലയുന്നത്. നാല് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുണ്ടായിരുന്നിടത്ത് നിലവില്‍ ഒരാള്‍ മാത്രമാണുള്ളത്. 

രോഗികള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണിവിടെ. ചെങ്കുത്തായ മലയോരങ്ങളില്‍  പ്രതിരോധം  ശക്തമാക്കാന്‍  ഹെല്‍ത്ത്  ഇന്‍സ്പെക്ടര്‍മാരുടെ സേവനം  അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ധര്‍  തന്നെ  അടിവരിയിട്ട്  പറയുന്നു  . ഡെങ്കിപനി അപൂര്‍വായ വേനല്‍മാസങ്ങളില്‍  രോഗം പടരുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.