പുതിയപാലത്ത് അപകടഭീഷണിയുയര്‍ത്തി പഴയപാലം

കോഴിക്കോട് പുതിയപാലത്ത് അപകടഭീഷണിയുയര്‍ത്തി  പഴയപാലം. കാല്‍നടയാത്രപോലും ദുസ്സഹമായ പാലത്തിലൂടെ  സാഹസികയാത്രയാണ് നാട്ടുകാര്‍ നടത്തുന്നത്. ഫണ്ട് വകയിരുത്തിയിട്ടും പുനര്‍നിര്‍മാണം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 

ഈ ചെറിയപാലത്തിലൂടെ അപ്പുറത്തേക്കൊന്നു കടക്കണമെങ്കില്‍ കണ്ണ് മുന്‍പില്‍മാത്രം പോരാ. പിന്നില്‍ക്കൂടി ആവശ്യമാണ്. പതിനൊന്ന് മീറ്റര്‍ വീതിമാത്രമുള്ള പാലത്തില്‍ ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരും ചേര്‍ന്നാല്‍ പിന്നെ യാത്ര ദുഷ്ക്കരം തന്നെ. പാലത്തിന്റെ അടിവശത്തെ കോണ്‍ക്രീറ്റ് പാതിയിളകിയ നിലയിലാണ്. പുതിയപാലത്ത് വലിയപാലം വരുമെന്ന് നാട്ടുകാര്‍ കാലങ്ങളായി കേള്‍ക്കുന്ന വാഗ്ദാനമാണ്. ഓരോ തവണയും ഫണ്ട് അനുവദിക്കുകയും പദ്ധതി യാഥാര്‍ഥ്യമാവുമെന്ന് കരുതുമ്പോള്‍ കുരുക്കുകളില്‍പെട്ട് മുടങ്ങിപ്പോകുകയാണ് പതിവ്.

റയില്‍േവ സ്റ്റേഷന്‍, തളി, കല്ലായി എന്നിവിടങ്ങളില്‍നിന്ന് മിനിബൈപ്പാസിലേക്ക് വേഗത്തിലെത്താവുന്ന വഴിയാണിത്. പാലം നടക്കാന്‍ പോലും പറ്റാത്ത സ്ഥിതിയായിട്ടും പുതിയ പാലത്തിനായുള്ള പദ്ധതി വേഗത്തിലായില്ലെന്നാണ്  പരാതി. പുനര്‍നിര്‍മാണം ഇനിയും വൈകിയാല്‍ ജനകീയ സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.