പാലക്കാട് കഞ്ചിക്കോട് മേഖലയില്‍ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലാതെ. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികളുണ്ടായിട്ടും ഒരുനടപടിയും ഉണ്ടാകുന്നില്ല. പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് അഗ്നിശമനസേനാ വിഭാഗം ആവര്‍ത്തിക്കുമ്പോള്‍ ഫയര്‍സ്റ്റേഷന്റെ പോരായ്മകളാണ് വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നത്.
തീപിടുത്തമുണ്ടായാല്‍ ഒരു ബക്കറ്റ് വെളളമെങ്കിലും ഒഴിക്കാന്‍ വ്യവസായ സ്ഥാപനങ്ങളില്‍ എന്തെങ്കിലുമുണ്ടോയെന്ന് ചോദിച്ചാല്‍ ഒന്നുമില്ല. കഞ്ചിക്കോട് വ്യവസായ മേഖലയിലെ മിക്ക കമ്പനികളും അഗ്നിസുരക്ഷാചട്ടങ്ങള്‍ പാലിക്കാത്തവയാണ്. ജില്ലാ ഫയര്‍ ഒാഫീസറുടെ നേതൃത്വത്തില്‍ മുന്‍കാലങ്ങളില്‍ പരിശോധന നടത്തി പുതുശേരി പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്‍കിയതാണ്. ഒാരോ വര്‍ഷവും സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുമ്പോള്‍ ഇതൊന്നും പരിശോധിക്കുന്നില്ല.
ഇന്നലെ തീപിടിത്തമുണ്ടായ കമ്പനിയിലും യാതൊരു അഗ്നി സുരക്ഷാ സംവിധാനങ്ങളില്ലായിരുന്നു. രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്. വ്യവസായ മേഖലയിലെ എഴുനൂറിലധികം കമ്പനികളിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ബോധവല്‍ക്കണത്തിന് തയ്യാറാണെന്ന് വ്യവസായികളുടെ കൂട്ടായ്മയായ കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം അറിയിച്ചു. കഞ്ചിക്കോട് ഫയര്‍സ്റ്റേഷന്റെ പരിമിതികള്‍ സംഘടന ചൂണ്ടിക്കാട്ടുന്നു. തൊഴില്‍,വ്യവസായം,പഞ്ചായത്ത്, റവന്യൂ വകുപ്പുകളുടെ ഇടപെടലാണ് ആവശ്യം.