ഹെൽമറ്റ് ഇല്ലാത്തവർക്ക് ഹെൽമറ്റ് കടം നൽകി കാസർകോട് പൊലീസ്

കാസര്‍കോട് നഗരത്തിലൂടെ ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്രവാഹമോടിച്ചവര്‍ക്ക് പൊലീസും, മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് ഹെല്‍മെറ്റ് കടം നല്‍കി. റോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായാണ് വ്യത്യസ്ഥമായ പരിപാടി സംഘടിപ്പിച്ചത്. 

ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്രവാഹനവുമായി നഗരനിരത്തില്‍ ഇറങ്ങിയവരൊക്കെ പൊലീസിനെ കണ്ട് ആദ്യം ഒന്നു പേടിച്ചു. എന്നാല്‍ വാഹനം നിര്‍ത്തിയപ്പോള്‍ സുരക്ഷിതയാത്രയെക്കുറിച്ചുള്ള ചെറിയൊരു ക്ലാസിനൊപ്പം പുതിയൊരു ഹെല്‍മെറ്റും നല്‍കി. 

കാശുമുടക്കില്ലാതെ ഒരു ഹെല്‍മെറ്റ് കിട്ടിയല്ലോ എന്ന സന്തോഷമൊന്നും വേണ്ട. കാരണം ഇത് കടമായി നല്‍കിയതാണ്. സ്വന്തം ഹെല്‍മെറ്റുമായി എത്രയും വേഗം ടൗണ്‍ സ്റ്റേഷനിലെത്തി പൊലീസ് നല്‍കിയത് മടക്കി ഏല്‍പ്പിക്കണം. ചിലര്‍ അപ്പോള്‍ തന്നെ പുതിയ ഹെല്‍മെറ്റ് വാങ്ങി മാതൃകയായി.  റോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹനവകുപ്പിനൊപ്പം ചേര്‍ന്ന് പരിപാടി സംഘടിപ്പിച്ചത്. ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ ഒരു വിരുതന്‍ വീണ്ടും ഹെല്‍മെറ്റ് ഇല്ലാതെ എത്തിയത് ഉദ്യോഗസ്ഥരെ ചെറുതായൊന്ന് ചൊടിപ്പിച്ചു. ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.