പ്രളയം വേദികളെടുത്തു; നാടക കലാകാരന്മാർക്കായി നന്മ കൂട്ടായ്മ

പ്രളയംമൂലം വേദികള്‍ നഷ്ടമായ നാടക കലാകാരന്മാര്‍ക്കായി നന്മ കൂട്ടായ്മ കൈകോര്‍ക്കുന്നു. മലബാര്‍ നാടകോല്‍സവം എന്ന പേരില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന നാടകപരമ്പരയ്ക്ക് മികച്ച വരവേല്‍പ്പാണ് നഗരം നല്‍കിയത്.  

കോഴിക്കോട്ടെ സജീവ നാടകട്രൂപ്പായ രംഗഭാഷയുടെ നിരപരാധികളുടെ ജീവിതയാത്ര എന്ന നാടകമാണ് രണ്ടാംദിനം അരങ്ങിലെത്തിയത്. അഭിനയ മികവുകൊണ്ടും ജീവിതസ്പര്‍ശിയായ അനുഭവങ്ങള്‍കൊണ്ടും മികച്ചനിന്ന നാടകത്തെ സദസും ഇരുകയ്യും നീട്ടി സ്വീകരിച്ചു. ജയന്‍ തിരുമന രചിച്ച നാടകം മനോജ് നാരായണനാണ് സംവിധാനം ചെയ്തത്. 

മലബാറിലെ പ്രഫഷണല്‍ നാടകസംഘങ്ങളെ സഹായിക്കുകയാണ് നാടകോല്‍സവത്തിന്റെ ലക്ഷ്യം. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രത്യേക നാടകചര്‍ച്ചയും ഒരുക്കിയിട്ടുണ്ട്. അഞ്ചുദിവസത്തെ നാടകങ്ങള്‍ക്ക് അഞ്ഞൂറ് രൂപയാണ് ടിക്കറ്റ് നിരക്ക്. നാടകോല്‍സവം വെള്ളിയാഴ്ച സമാപിക്കും.