korappuzha-bridgeb

കോഴിക്കോട് കണ്ണൂര്‍ ദേശീയപാതയിലെ കോരപ്പുഴ പാലം പൊളിച്ചുനീക്കുന്ന നടപടികള്‍ ആരംഭിച്ചു. റോഡിന്റെ ടാറിങ് പൊളിക്കുന്ന പ്രവര്‍ത്തികളാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. കോരപ്പുഴയ്ക്കും എലത്തൂരിനുമിടയില്‍ ഗതാഗതനിയന്ത്രണം നിലവില്‍ വന്നു.

എഴുപത്തിയെട്ട് വര്‍ഷം പഴക്കമുള്ള പാലത്തിന്റെ കോണ്‍ക്രീറ്റ് പൊളിച്ചുനീക്കുന്ന പ്രവര്‍ത്തികള്‍ രണ്ടുദിവസംകൊണ്ട് പൂര്‍ത്തിയാക്കും. ഇതിന്റെ ആദ്യഘട്ടമായാണ് ടാറിങ്ങ് നീക്കം ചെയ്യുന്നത്. യു.എല്‍.സി.സി.ക്കാണ് കരാര്‍. പ്രവര്‍ത്തനങ്ങള്‍  വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ തൊഴിലാളികളെ സജ്ജീകരിച്ചിട്ടുണ്ട്. പൈലിങ്ങിനായി പാലത്തിനടിയില്‍ ബണ്ട് കെട്ടി മണല്‍ നിറയ്ക്കുന്ന പ്രവര്‍ത്തി ഒരു മാസംകൊണ്ട് പൂര്‍ത്തിയാക്കും.

പഴയ പാലത്തില്‍ ഗതാഗത തടസ്സം മൂലം വാഹനങ്ങള്‍ മണിക്കൂറുകളോളം കാത്തുക്കിടക്കേണ്ടി സ്ഥിതിയായിരുന്നു. പന്തണ്ട് മീറ്റര്‍ വീതിയിലാണ് പുതിയ പാലം നിര്‍മിക്കുന്നത്. സ്ഥലത്ത് ഗതാഗതനിയന്ത്രണവും നിലവില്‍ വന്നു.

കണ്ണൂര്‍ ഭാഗത്തു നിന്നെത്തുന്ന ദീര്‍ഘദൂരബസുകള്‍ വെങ്ങളം ബൈപ്പാസ് വഴി അത്തോളിയിലെത്തി പാവങ്ങാട് വഴി തിരിഞ്ഞുപോകണം. കോഴിക്കോട് കൊയിലാണ്ടി റൂട്ടിലോടുന്ന ബസുകള്‍ എലത്തൂരില്‍ യാത്ര അവസാനിപ്പിക്കും.