കോടഞ്ചേരിയില്‍ പൊതുകുളം കൈയ്യേറി സ്വകാര്യവ്യക്തി കെട്ടിടം നിര്‍മിച്ചു

kozhikode-encroachment-building
SHARE

കോഴിക്കോട് കോടഞ്ചേരിയില്‍ പൊതുകുളം കൈയ്യേറി സ്വകാര്യവ്യക്തി കെട്ടിടം നിര്‍മിച്ചു. പിഴവുണ്ടായെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് കൈയ്യേറിയ വ്യക്തി തന്നെ രേഖാമൂലം എഴുതിനല്‍കുകയും ചെയ്തു. അനധികൃത നിര്‍മാണം പൊളിച്ച് നീക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. 

ആനിക്കോടുള്ള പൊതുകുളത്തിന്റെ രണ്ട് സെന്റിലധികമാണ് സ്വകാര്യവ്യക്തി സ്വന്തമാക്കിയത്. കൈയ്യേറിയ ഭൂമിയിലേക്ക് വ്യാപാരസ്ഥാപനം നിര്‍മിച്ചു. റോഡില്‍ നിന്ന് കുളത്തിലേക്കുള്ള വഴിയും അടച്ചു. കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നാട്ടുകാര്‍ പഞ്ചായത്തില്‍ നിരവധിതവണ അപേക്ഷ നല്‍കി. സെക്രട്ടറിയുടെ പരിശോധനയില്‍ കൈയ്യേറ്റമെന്ന് ബോധ്യപ്പെട്ടു. പൊളിച്ചുനീക്കാനുള്ള നിര്‍ദേശം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. 

തന്റെ ഭാഗത്ത് പിഴവുണ്ടായെന്ന് സമ്മതിച്ച് സ്വകാര്യവ്യക്തി തന്നെ സെക്രട്ടറിക്ക് രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്. സ്വന്തമായി വ്യാജ ആധാരമുണ്ടാക്കി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതിനൊപ്പം പണമിറക്കിയുള്ള സ്വാധീനമാണ് കൈയ്യേറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ്  നാട്ടുകാര്‍ പറയുന്നത്. കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലയില്‍ മികച്ച ശുദ്ധജല ഉറവിടമാണ് മണ്ണ് മൂടിയിരിക്കുന്നത്.  

വ്യാജരേഖകള്‍ ചമച്ചാണ് ഭൂമി സ്വന്തമാക്കിയതെന്ന ആരോപണം സ്വകാര്യവ്യക്തി നിഷേധിച്ചു. കോടതി നടപടി പരിശോധിച്ച ശേഷമാകും തുടര്‍ ഇടപെടലുണ്ടാകുക എന്നാണ് കോടഞ്ചേരി പഞ്ചായത്തിന്റെ വിശദീകരണം. 

MORE IN NORTH
SHOW MORE