പെരുവണ്ണാമൂഴി ഗ്രാമത്തിൽ കടുവാപേടി തുടരുന്നു

കോഴിക്കോട് പെരുവണ്ണാമൂഴി ഗ്രാമത്തില്‍ കടുവാപ്പേടി തുടരുന്നു.  കടുവയെ കണ്ടെത്താന്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.  

രാത്രികാലങ്ങളില്‍ ഒറ്റയ്ക്കുള്ള സഞ്ചാരം പലരും ഒഴിവാക്കി. കുട്ടികളെ വാഹനത്തില്‍ മാത്രം സ്കൂളിലേക്ക് അയക്കാന്‍ തുടങ്ങി. പുലര്‍ച്ചെ ടാപ്പിങ് ജോലിക്കുള്‍പ്പെടെ പതിവായി പോകുന്ന തൊഴിലാളികളില്‍ പലരും ജോലിക്ക് അവധി നല്‍കിയിരിക്കുകയാണ്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമിയില്‍ കാട് വെട്ടിത്തെളിക്കുന്ന നടപടിയും അടുത്തദിവസം തുടങ്ങും. ആളൊഴിഞ്ഞ കെട്ടിടങ്ങളില്‍ കടുവയുടെ സാന്നിധ്യമുണ്ടോ എന്ന് നാട്ടുകാര്‍ കൂട്ടമായി പരിശോധിക്കും. വഴിവിളക്കുകള്‍ പലതും കേടായിട്ട് മാസങ്ങളായി. ഇത് അടിയന്തരമായി പുനസ്ഥാപിക്കാനുള്ള നടപടിയും നാട്ടുകാരുടെ ആവശ്യത്തിലുണ്ട്. 

കടുവയുടെ സാന്നിധ്യമെന്ന് നിരവധി തവണ അറിയിച്ചെങ്കിലും ഒരു തവണയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചത്. ചെമ്പനോടയ്ക്ക് പിന്നാലെ പെരുവണ്ണാമൂഴിയിലും കടുവയുടെ സഞ്ചാരം തിരിച്ചറിഞ്ഞതിനാല്‍ ഉചിതമായ നടപടി വേണമെന്നാണ് ആവശ്യം. രാത്രികാലങ്ങളില്‍ വനംവകുപ്പിന്റെ പരിശോധനയും സാന്നിധ്യവും ഉറപ്പാക്കിയാല്‍ ആശങ്ക നീക്കുന്നതിന് ഇത് പ്രധാന ഘടകമാകും.