കണ്ണൂർ ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കാഞ്ഞിരകൊല്ലി ടൂറിസം കേന്ദ്രത്തെ സഞ്ചാരികൾ കയ്യൊഴിയുന്നു. കഴിഞ്ഞ മഴക്കാലത്ത് തകർന്ന റോഡുകൾ പുനർനിർമിക്കാത്തതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതുമാണ് സഞ്ചാരികളുടെ എണ്ണം കുറയാൻ കാരണം.
കർണാടക വനത്തോട് ചേർന്ന് പശ്ചിമഘട്ട മലനിരകളിലാണ് കാഞ്ഞിരക്കൊല്ലിയുടെ സ്ഥാനം. സമുദ്ര നിരപ്പിൽ നിന്നും 2000 അടി ഉയരത്തിലുള്ള ശശി പാറ വ്യൂ പോയിന്റാണ് പ്രധാന ആകർഷണം. നേരത്തെ ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി സഞ്ചാരികളാണ് എത്തി കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ മഴക്കാലത്ത് റോഡുകൾ തകർന്നതോടെ യാത്രക്കാരുടെ വരവ് നിലച്ചു.
കണ്ണൂർ വിമാനത്താവളം അടുത്ത മാസം പ്രവർത്തനം ആരംഭിക്കുന്നതോടെ വിദേശികൾ ഉൾപ്പെടെ ഉള്ള സഞ്ചാരികൾ ഇവിടെ എത്താൻ സാധ്യതയുണ്ട്. എന്നാൽ ടൂറിസം വകുപ്പോ വനം വകുപ്പോ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാവാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.