റോഡുകളുടെ നവീകരണം വെളളിയാഴ്ച ആരംഭിക്കും; 136 കോടി രൂപയുടെ പദ്ധതികൾ

വയനാട്ടില്‍ പ്രളയത്തില്‍ തകര്‍ന്ന പ്രധാന റോഡുകളുടെ നവീകരണം വെളളിയാഴ്ച ആരംഭിക്കും. പ്രവൃത്തികളുടെ ഉദ്ഘാടനം കല്‍പ്പറ്റയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയുള്ള പുനര്‍നിര്‍മ്മാണത്തിന് 136 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.

പ്രളയത്തിന് മുമ്പ് തന്നെ പൊട്ടിപ്പൊളി‍ഞ്ഞിരുന്നു ജില്ലയിലെ റോഡുകള്‍. വെള്ളപ്പൊക്കം കൂടിവന്നതോടെ ഉള്ള പാതകളും ഒലിച്ചുപോയി. കാല്‍നടയാത്രപോലും ദുസ്സഹമായി. അനാസ്ഥക്കെതിരെ ജനകീയസമരങ്ങളും നടന്നിരുന്നു. നാല് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്‍പ്പറ്റ-വാരാമ്പറ്റ റോഡില്‍ 17. കിലോമീറ്ററിലാണ് നവീകരണം.  വിനോദസഞ്ചാരത്തിന് പ്രാധാന്യമുള്ള കണിയാമ്പറ്റ-മീനങ്ങാടി, മേപ്പാടി-ചൂരല്‍മല റോഡുകളിലും അറ്റകുറ്റപ്പണികള്‍ നടത്തും.  പൊതുമരാമത്ത് വകുപ്പ് പദ്ധതിരേഖ തയാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചിരുന്നു.

മൂന്നു റോഡിനുമായി 136 കോടിയോളം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. പരാതികളില്ലാതെ പണികള്‍ പൂര്‍ത്തീകരിക്കുമെന്ന് കല്‍പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ പറഞ്ഞു. ഒന്നരവര്‍ഷമാണ് നിര്‍മ്മാണകാലാവധി.  നിലവിലുള്ള റോഡിന്റെ വീതി കൂട്ടുന്നതിനൊപ്പം ഫുട്പാത്ത് നിര്‍മ്മാണം പോലുള്ള അനുബന്ധപ്രവൃത്തികളും നടത്തും.