വയനാട് പേരിയ റോഡിൻറെ അറ്റകുറ്റപ്പണിക്കെതിരെ പരാതി

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട സംസ്ഥാന പാതകളിലൊന്നായ പേരിയ റോഡിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയെങ്കിലും ശാസ്ത്രീയമായല്ലെന്ന് പരാതി. റോഡ് താല്‍ക്കാലികമായി ഗതാഗതയോഗ്യമാക്കാനുള്ള ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. റിവൈസ് എസ്റ്റിമേറ്റ് ധനവകുപ്പ് പാസാക്കിയാല്‍ മാത്രമേ പൂര്‍ണ തോതില്‍ നവീകരണം തുടങ്ങാനാകൂവെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ മറുപടി.

വയനാട് മാനന്തവാടിയെയും തലശേരിയെയും ബന്ധിപ്പിക്കുന്ന പേരിയ റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് നാലുവര്‍ഷത്തോളമായി. ഇന്നലെമുതല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടറും പൊതുമരാമത്ത് വകുപ്പ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നാല് കിലോമീറ്ററോളം റോഡ് താല്‍ക്കാലികമായി ഗതാഗതയോഗ്യമാക്കാനുള്ള ജോലിയാണ് നടക്കുന്നത്. കുഴികള്‍ ജെസിബി വെച്ച് നിരത്തുന്നതും റോഡ് നനയ്ക്കുന്നതും ഒട്ടും ശാശ്വതമല്ല പരിഹാരമല്ല. ബോയ്സ് ടൗണ്‍മുതല്‍ പേരിയ 37 വരെയുടെ റീടാറിങിനൊപ്പം ഡ്രെയിനേജ് സംവിധാനം കൂടി ഒരുക്കണം.

പ്രക്ഷോഭം ആരംഭിക്കാനാനാണ് നാട്ടുകാരുടെ കൂട്ടായ്മയുടെ തീരുമാനം. എന്നാല്‍ വെള്ളിയാഴ്ചവരെ സബ്കലക്ടര്‍ സാവകാശം ചോദിച്ചു. പതിനാല് കോടിയോളം രൂപയുടെ റിവൈസ് എസ്റ്റിമേറ്റ് ധനവകുപ്പിന്റെ പക്കലാണെന്നും ഇത് പാസാക്കാതെ പൂര്‍ണമായും ജോലി തുടങ്ങാനാകില്ലെന്നുമാണ് പൊതമരാമത്ത് വകുപ്പിന്റെ മറുപടി.