മെഡിക്കൽ കൗൺസിലിന്റെ സ്ഥിരാംഗീകാരം നഷ്ടപ്പെട്ടു; മഞ്ചേരി മെഡിക്കൽ കോളജിന് പ്രതിഷേധം

മഞ്ചേരി മെഡിക്കൽ കോളജിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം നഷ്ടപ്പെട്ടതിൽ പ്രതിഷേധം ശക്തം. ഭൗതികസൗകര്യങ്ങളുടെ കുറവാണ് അംഗീകാരം നൽകുന്നതിന് തടസമായി എം.സി.ഐ ചൂണ്ടിക്കാട്ടിയത്.മെഡിക്കൽ കോളജിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സമരം ശക്തമാക്കാനൊരുങ്ങുകയാണ് 

ഇത് മൂന്നാം തവണയാണ് മഞ്ചേരി മെഡിക്കൽ കോളജിന് സ്ഥിരാംഗീകാരം തടസപ്പെടുന്നത്.അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ചൂണ്ടികാട്ടിയായിരുന്നു ഇത്.വിദ്യാർഥികൾക്ക് ഹോസ്റ്റൽ, അധ്യാപകർക്കും റസിഡന്റ് ഡോക്ടർമാർക്കും ക്വാർട്ടേഴ്സ്, ഒ പി യിലെ സ്ഥലപരിമിതി ,റസിഡൻറ്ട ഡോക്ടർമാരുടെ കുറവ് പരിഹരിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഉടൻ നടപ്പാക്കേണ്ടത്

മുൻപ് രണ്ടു തവണ അംഗീകാരം തടസപ്പെട്ടപ്പോൾ കെട്ടിട നിർമാണത്തിന്റെ ' ടെണ്ടർ രേഖയും മറ്റും കാണിച്ച് അംഗീകാരം നേടിയെടുക്കുകയായിരുന്നു. അംഗീകാരം വീണ്ടും തടസപ്പെട്ടതോടെ വിദ്യാർഥികളും ' ആശങ്കയിലാണ്. മെഡിക്കൽ കോളജിനാവശ്യമായ സൗകര്യങ്ങൾ നേടിയെടുക്കാനാണ് വിദ്യാർഥികൾ സമരത്തിനിറങ്ങിയത്.

അതേ സമയം അംഗീകാരം നേടിയെടുക്കാനാവശ്യമായ നടപടികൾ കലക്ടറുടെ നേതൃത്വത്തിൽ തുടങ്ങിയിട്ടുണ്ട്. കെട്ടിടങ്ങളുടെ നിർമാണത്തിനാവശ്യമായ ജോലികൾ രണ്ടാഴ്ചക്കകം തുടങ്ങാനാണ് തീരുമാനം.