വിപണി കണ്ടെത്താനാകാതെ പച്ചക്കറി കർഷകർ

പ്രളയത്തെ അതിജീവിച്ച പച്ചക്കറി കര്‍ഷകര്‍ക്ക് മാന്യമായ വിപണി കണ്ടെത്താനാവുന്നില്ല. മലപ്പുറം വണ്ടൂരിലെ കര്‍ഷകരെ പച്ചക്കറി വില്‍പ്പനക്ക് എത്തിച്ചപ്പോള്‍ ഹോര്‍ട്ടികോര്‍പ്പും സഹായിച്ചില്ലെന്നാണ് ആക്ഷേപം. 

മഹാപ്രളയത്തിന് പിന്നാലെ എത്തിയ കനത്ത വെയിലിനേയും അതിജീവിച്ചാണ് വണ്ടൂര്‍ കാപ്പില്‍ ഇറക്കല്‍ മോഹന്‍ദാസ് കൃഷി നടത്തുന്നത്. പയറും വെളളരിയും മത്തങ്ങയുമെല്ലാം വിളഞ്ഞു പാകമായെങ്കിലും വാങ്ങാന്‍ ആളില്ല. അല്ലെങ്കില്‍ വിറ്റാല്‍ പച്ചക്കറി പറിച്ചെടുക്കാനുളള കൂലി പോലും കിട്ടാനില്ല. ഇതോടെ നൂറു മേനി വിളഞ്ഞ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. അല്‍പംകൂടി ഉയര്‍ന്ന വിലക്ക് വാങ്ങുമെന്ന പ്രതീക്ഷയില്‍ ഹോര്‍ട്ടികോര്‍പ്പിനെ സമീപിച്ചെങ്കിലും കൈമലര്‍ത്തി.

കഴിഞ്ഞ കുറെ ദിവസങ്ങളായി മൂന്നര ഏക്കറിലെ പാകമായ പച്ചക്കറികള്‍ നാട്ടുകാര്‍ക്ക് വിതരണം ചെയ്യുകയാണ് പതിവ്. ശക്തമായ വെയിലേറ്റ് വാടി തുടങ്ങുന്നുമുണ്ട്. പച്ചക്കറി വില്‍പനക്ക് ഉണ്ടെന്ന് അറിയിച്ച് ആരും സമീപിച്ചിട്ടില്ലെന്നാണഅ ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ ‌ പറയുന്നു.