ഭൂമിയേറ്റെടുക്കലില്‍ കൂടുതൽ സാമ്പത്തിക സഹായം; ഇടപെടലിന് കാത്ത് നിരവധി കുടുംബങ്ങള്‍

ദേശീയപാത നിര്‍മാണത്തിനുള്ള ഭൂമിയേറ്റെടുക്കല്‍ നടപടിയില്‍ കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കുടുംബങ്ങള്‍. ഭൂമിയും വരുമാനമാര്‍ഗവും നഷ്ടപ്പെടുന്നവരെ പ്രത്യേകം പരിഗണിച്ച് തുക കൂട്ടിനല്‍കണമെന്നാണ് ആവശ്യം. കോഴിക്കോട് തിരുവങ്ങൂരില്‍ മാത്രം പന്ത്രണ്ട് കുടുംബങ്ങളാണ് മതിയായ നഷ്ടപരിഹാരം കിട്ടാതെ ഭൂമിവിട്ടുനല്‍കാനാവില്ലെന്ന് അറിയിച്ചിട്ടുള്ളത്. 

വീടുള്‍പ്പെടെയുള്ള താമസസ്ഥലം പൂര്‍ണമായും നഷ്ടപ്പെടും. 

ഏറെ നാളത്തെ വരുമാനമാര്‍ഗമായ തിരുവങ്ങൂരിലെ മൂന്ന് കടകളും വികസനവഴി തെളിയാന്‍ പൊളിക്കേണ്ടിവരും. റോഡ് വികസനം വരുമ്പോള്‍ മാറിത്താമസിക്കാമെന്ന് കരുതിയിരുന്ന ചെങ്ങോട്ട്കാവിലെ പത്ത് സെന്റ് സ്ഥലം കൊയിലാണ്ടി ബൈപ്പാസ് നിര്‍മാണത്തിന്റെ പേരിലും വഴിമാറും. 

പൂര്‍ണമായ നഷ്ടപ്പെടലിന്  അറുപത്തിരണ്ടുകാരനായ പുതിയോട്ടില്‍ ബാലന്‍ മനസ് പാകപ്പെടുത്തിക്കഴിഞ്ഞു. വികസനം തടസപ്പെടുത്താനോ സര്‍ക്കാരിനെതിരെ നിയമയുദ്ധം നടത്താനോ ഇദ്ദേഹമില്ല. പകരം നാമമാത്രമായ നഷ്ടമെന്നത് മാറ്റി ഏറ്റെടുക്കുന്ന മണ്ണിന് കുറച്ചുകൂടി ഉയര്‍ന്ന തുക നല്‍കണമെന്നാണ് ആവശ്യം. 

രണ്ട് തവണ ഭൂമി അളന്നു. രൂപരേഖയില്‍ മാറ്റം വരുത്തി കല്ലിട്ടു. എത്രയും വേഗം ഒഴിയണമെന്നാണ് നോട്ടീസ് നല്‍കാനെത്തുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ നിര്‍ദേശം. സെന്റിന് രണ്ട് ലക്ഷത്തില്‍ താഴെ മാത്രം നഷ്ടപരിഹാരമെന്നത് നിരവധിയാളുകള്‍ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. 

ഭൂമിയേറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ അടിയന്തര ഇടപെടലുണ്ടാകുമെന്നാണ് കുടുംബങ്ങളുടെ പ്രതീക്ഷ.