ക്വാറികൾക്കെതിരെ പരാതി; പരിസ്ഥിതിപ്രവർത്തകർക്കുനെരെ ആക്രമണം

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കു നേരെ ക്വാറി മാഫിയയുടെ ആക്രമണം. ക്വാറികള്‍ക്കെതിരെ പരാതി നല്‍കിയ കൂരപ്പിള്ളി ബാബു പി.കെ ബഷീര്‍ എന്നിവരെയാണ് ടിപ്പറിലെത്തിയ സംഘം മര്‍ദ്ദിച്ചത്. 

രാവിലെ ഒൻപത് മണിക്കാണ് സംഭവം. കൂടരഞ്ഞിയിലെ മരഞ്ചാട്ടിയില്‍ വെച്ച് ബാബുവിനെ അഞ്ചുേപരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് വരുന്ന വഴിക്കാണ് ബാബുവിന് നേരെ ആക്രമണമുണ്ടായത്. ബാബുവിനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ അയല്‍വാസി കൂടിയായ പി കെ ബഷീറിനെയും സംഘം ക്രൂരമായി മര്‍ദ്ദിച്ചു. 

ബാബുവിനെ മര്‍ദ്ദിക്കുന്നത് മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ബഷീറിന്റെ ഫോണ്‍ അക്രമികള്‍ തകര്‍ത്തു. മര്‍ദ്ദനത്തില്‍ ഇരുവര്‍ക്കും ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് ബഷീറിനെയും ബാബുവിനെയും ആശുപത്രിയിലേക്ക് മാറ്റിയത്.

പൂനൂര്‍പൊയില്‍ ക്രഷറിലെ തൊഴിലാളികളാണ് ആക്രമണത്തിന് പിന്നില്ലെന്ന് ഇരുവരുടെയും പരാതിയില്‍ പറയുന്നു. ഈ ക്രഷറിന്റെ പ്രവര്‍ത്തനം അനധികൃതമാണെന്ന് കാണിച്ച് നിരവധി തവണ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.