വയനാട്ടില്‍ പലയിടത്തും മണ്ണിരകള്‍ ചത്തൊടുങ്ങുന്നു

വയനാട്ടില്‍ പലയിടത്തും മണ്ണിരകള്‍ ചത്തൊടുങ്ങുന്നു. വരാനിരിക്കുന്ന വലിയ വരള്‍ച്ചയുടെ സൂചനയായിട്ടാണ് ശാസ്ത്രഞ്ജര്‍ ഇതിനെ നോക്കിക്കാണുന്നത്. ചിലയിടങ്ങളില്‍ മണ്ണിന്റെ ഘടന മാറിയിട്ടുമുണ്ട്. പ്രളയജലമൊഴിഞ്ഞ പനമരം നടവയല്‍ പ്രദേശങ്ങളിലെ കാഴ്ചകളാണിത്. കഴിഞ്ഞ രണ്ടു ദിവസമായി മണ്ണിരകള്‍ കൂട്ടത്തോടെ പുറത്തേക്ക് വരുകയാണ്. രാവിലെ പുറത്തെത്തുന്ന ഇവ ചൂടു സഹിക്കാനാവാതെ ഉച്ചയോടെ ചത്തുപോകുന്നു

2016 ലും ജില്ലയുടെ ചിലഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ കണ്ടിരുന്നു. ഈര്‍പ്പം കുറഞ്ഞ് മണ്ണ് വിണ്ടുകീറിയ സ്ഥലങ്ങളിലാണ് അന്ന് മണ്ണിരകള്‍ ചത്തൊടുങ്ങുന്നത്. അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിനാനുസരിച്ച് മണ്ണിന്റെ ഘടന ഇപ്പോള്‍ പലയിടത്തും അസ്വാഭാവികമായി മാറുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.പെട്ടന്നുള്ള മാറ്റങ്ങള്‍ സൂക്ഷ്മ ജീവികളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 

വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയുടെ സൂചനായാണ് മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതെന്നും ഗൗരവമായ പഠനം ആവശ്യമാണെന്നും അമ്പലവയല്‍ കാര്‍ഷിക ഗേവഷണകേന്ദ്രം ഡയറക്ടര്‍ പി.രാജേന്ദ്രന്‍ പറഞ്ഞു.