പ്രവാസികളുടെ സഹായത്താൽ സര്‍ക്കാര്‍ ആശുപത്രിയുടെ വികസനക്കാഴ്ചകൾ; ഇരിക്കൂർ മോഡൽ

പ്രവാസികളാണ് വിദേശവരുമാനത്തിന്റെ പ്രധാനഘടകമെന്ന് നമുക്കറിയാം. എന്നാല്‍ വിദേശവരുമാനം മാത്രമല്ല നാടിന്റെ വളര്‍ച്ചയുടെ നട്ടെല്ല് കൂടിയാണ് പ്രവാസികളെന്ന് കണ്ണൂരിലെ ഇരിക്കൂര്‍ ഗ്രാമം സാക്ഷ്യപ്പെടുത്തുന്നു.

സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തിലാണ് ഇരിക്കൂറിലെ സര്‍ക്കാര്‍ ആശുപത്രി. വൃത്തിയും വെടിപ്പുമുള്ള മുറികളും കാത്തിരിപ്പ് കേന്ദ്രങ്ങളും. ഡോക്ടര്‍മാര്‍ക്ക് പ്രത്യേക ക്യാമ്പിനുകള്‍. പാലീയേറ്റീവ് കെയര്‍ യൂണിറ്റിനുവേണ്ട എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും തയ്യാര്‍. ഗള്‍ഫ് മേഖലയില്‍ ജോലിചെയ്യുന്ന ഇരിക്കൂര്‍ ജനതയുടെ വിയര്‍പ്പിന്റെ ഫലമാണ് സര്‍ക്കാര്‍ ആശുപത്രിയുടെ വികസനക്കാഴ്ചകള്‍. ഇതുമാത്രമല്ല. ഗവണ്‍മെന്റ് ഹൈസ്കൂളിലെ പത്ത് ക്ലാസ് മുറികള്‍ ഹൈടെക്കായി കഴിഞ്ഞു. 

കമാലിയ്യ മദ്രസ സ്കൂളും ഗ്രാമീണ കോടതിയും ഡയാലിസിസ് സെന്ററും ഹോമിയോ ആശുപത്രിയുമെല്ലാം പ്രവാസി സഹായാത്താല്‍ മുഖം മിനുക്കി. രണ്ടുകോടിയോളം രൂപയാണ് ജന്മനാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തിയത്. ഇതിനെല്ലാം പുറമെ വ്യക്തികള്‍ക്ക് നേരിട്ട് സഹായം നല്‍കുന്നതും പ്രവാസികള്‍ ശീലമാക്കിയിട്ടുണ്ട്.